തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട കടകംപള്ളി ബിജുവിനെ (43) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേർ കസ്റ്റഡിയില്‍.
സുഹൃത്തുക്കളായ രണ്ടുപേരാണ് കടയ്ക്കാവൂർ പൊലീസിൻ്റെ കസ്റ്റഡിയിലായത്.
കടയ്ക്കാവൂർ തൊപ്പിച്ചന്ത പാലംകോണത്തിന് സമീപമുള്ള വയലിലാണ് ഇന്നലെ രാവിലെ വെട്ടേറ്റ നിലയില്‍ ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്.
തെങ്ങിന്റെ ചുവട്ടില്‍ അർധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ബിജുവിന്റെ തലയ്ക്ക് പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വെട്ടേറ്റ ആഴത്തിലുള്ള നിരവധി മുറിവുകളുണ്ടെന്ന് പൊലീസ് പറയുന്നു.
തിങ്കളാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ബിജുവിനെതിരെ കൊലപാതകം, വധശ്രമം, അടിപിടി തുടങ്ങി വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
ഇപ്പോള്‍ കസ്റ്റഡിയിലായ പ്രതികളില്‍ ഒരാളുടെ പിതാവിനെ മുമ്പ് കൊലപ്പെടുത്തിയ കേസില്‍ ബിജുവിന് പങ്കുണ്ടായിരുന്നു. കൊലപാതകത്തിന് പിന്നില്‍ കൃത്യമായ മുൻവൈരാഗ്യമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.






