തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല രോഗങ്ങളും കൊതുകുജന്യ പകർച്ചവ്യാധികളും അതിരൂക്ഷമായി പടരുന്നു. മെയ് ഒന്നുമുതല്‍ ഓഗസ്റ്റ് 12 വരെ 31,745 പേർ രോഗബാധിതരായി ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ 100 പേർ മരിച്ചു.
ഡെങ്കിപ്പനി, എച്ച്1എൻ1, ജപ്പാൻ ജ്വരം, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങളാണ് ഈ കാലയളവില്‍ റിപ്പോർട്ട് ചെയ്തത്.
ഏറ്റവും കൂടുതല്‍ മരണം എച്ച്1എൻ1 ബാധിച്ചാണ്. 3,110 പേർ എച്ച്1എൻ1 ബാധിച്ച് ചികിത്സ തേടിയപ്പോള്‍ 55 പേർ മരിച്ചു. കാക്കനാട് സ്വദേശി രാജു വാഴക്കാല നല്കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ആരോഗ്യവകുപ്പ് ഡയരക്ടറുടെ കാര്യാലയം കണക്കുകള്‍ വ്യക്തമാക്കിയത്.
ഡെങ്കിപ്പനി ബാധിച്ച് 7,211 പേർ ചികിത്സ തേടി. ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന 20,849 കേസുകളും റിപ്പോർട്ട് ചെയ്തു. ഇവയില്‍ യഥാക്രമം 22, 19 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
ജപ്പാൻ ജ്വരം ബാധിച്ച ആറുപേരില്‍ മൂന്നുപേർ മരിച്ചു. ചിക്കുൻഗുനിയ ബാധിച്ച് 94 പേർ ചികിത്സ തേടിയപ്പോള്‍ ഒരാള്‍ മരിച്ചു. മലേറിയ ബാധിച്ച് 475 പേർ ചികിത്സ തേടിയെങ്കിലും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഏറ്റവും കൂടുതല്‍ മരണം റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരത്താണ്-19. തൃശൂരില്‍ 17, എറണാകുളത്ത് 13 മരണങ്ങളുണ്ടായി.






