കണ്ണൂർ: ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ വിലക്കിയതിനെത്തുടർന്ന് വീട് വിട്ടിറങ്ങി പതിനേഴുകാരൻ. കണ്ണൂർ പെരിങ്ങത്തൂരില്‍ ആണ് സംഭവം. പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെയാണ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. കുട്ടിയെ കാണാതായതായി കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മൂന്നുദിവസം മുൻപാണ് വിദ്യാർഥിയെ കാണാതായത്. ഒരു കുറിപ്പ് എഴുതി വെച്ച ശേഷമാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. കുറിപ്പില്‍ `ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്നാണ് എഴുതിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിക്കായുള്ള അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.
ഫോണ്‍ ഉപയോഗം അമിതമാകുന്നത് ശ്രദ്ധിച്ച രക്ഷിതാക്കള്‍ ശിവസൂര്യയുടെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങി വെച്ചിരുന്നു, ഇതേത്തുടർന്നാണ് കുട്ടി വീടുവിട്ടിറങ്ങിയതെന്ന് അച്ഛൻ ജിഗീഷ് പറയുന്നു. ശിവസൂര്യ വീട് വിട്ട് ഇറങ്ങുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.






