ആലുവ: ആലുവയില്‍ 12 വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി.
ആലുവ സ്വദേശിയായ ശ്രീജേഷിന്റെ മകള്‍ ശ്രീഭദ്രയെയാണ് ശനിയാഴ്ച രാവിലെ മുതല്‍ കാണാതായത്. കുട്ടിയെ കണ്ടെത്താനായി ആലുവ വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിപുലമായ അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാവിലെ കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് പുസ്തകം വാങ്ങി വരാമെന്ന് പറഞ്ഞാണ് ശ്രീഭദ്ര വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടി തിരികെ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം തുടങ്ങിയതും പോലീസില്‍ വിവരമറിയിച്ചതും.
ശ്രീഭദ്ര തന്റെ വീട്ടിലെത്തി പുസ്തകം വാങ്ങി മടങ്ങിയതായി കൂട്ടുകാരി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ നിന്ന് ഇറങ്ങിയ ശേഷം കുട്ടി എവിടേക്കാണ് പോയതെന്ന കാര്യത്തില്‍ ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
കുട്ടിയുടെ കൈവശം ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും അത് നിലവില്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസിന്റെ സൈബര്‍ വിഭാഗം പരിശോധന നടത്തുന്നുണ്ട്.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ വെസ്റ്റ് പോലീസ് സംഭവത്തില്‍ അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്. നിലവില്‍ പ്രാഥമിക പരിശോധനയില്‍ സംശയാസ്പദമായ സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.






