തിരുവനന്തപുരം: സംസ്ഥാനത്ത് വരുംമണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട് പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കേരളത്തില്‍ തീവ്രമഴ തുടരുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് തീവ്രമഴ കണക്കിലെടുത്ത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്ത മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്ത മഴ കൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
തെക്കൻ ഗുജറാത്ത് തീരം മുതല്‍ വടക്കൻ കേരളതീരം വരെ നിലനില്‍ക്കുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയും വടക്കൻ കർണാടകയില്‍ നിന്ന് കന്യാകുമാരി വരെ , തെക്കൻ കർണാടക, കേരളം , തമിഴ്നാട് വഴി ന്യൂനമർദ്ദപാത്തിയുമാണ് കേരളത്തില്‍ ശക്തമായ മഴയ്ക്കുള്ള കാരണങ്ങള്‍. മദ്ധ്യ രാജസ്ഥാന് മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീന ഫലമായി വ്യാഴാഴ്ച വരെ ശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.






