തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
ആറുമാസത്തിനുള്ളില്‍ ഇത് നടപ്പാക്കുമെന്നും ഗുണമേന്മയുള്ള ആരോഗ്യ സേവനം തടസമില്ലാതെ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആദ്യഘട്ടമായി എല്ലാ ജില്ലകളിലും ഓരോ ആശുപത്രിയില്‍ സേവനം ഉറപ്പാക്കും. ഇത് പിന്നീട് ഘട്ടംഘട്ടമായി വ്യാപിപ്പിക്കും.
മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി സേവനങ്ങളാണ് ഉറപ്പാക്കുന്നത്. ഇതോടെ ജനങ്ങള്‍ക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളില്‍ വിദഗ്ദ്ധ ചികിത്സാ സേവനങ്ങള്‍ മുഴുവൻ സമയവും ലഭ്യമാക്കും. ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ജില്ലാ ജനറല്‍ ആശുപത്രികളില്‍ രാത്രികാലങ്ങളിലും കാര്യക്ഷമമാകുന്നതോടെ മെഡിക്കല്‍ കോളേജുകളിലെ അമിതമായ തിരക്ക് നിയന്ത്രിക്കാനാകും.
രോഗികള്‍ക്ക് ചികിത്സ,മരുന്ന്, കിടക്ക എന്നിവ അവകാശമായി പ്രഖ്യാപിച്ച് രോഗീ സൗഹൃദ ആശുപത്രികള്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സ്പെഷ്യാലിറ്റി സേവനങ്ങള്‍ 24 മണിക്കൂർ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.
പദ്ധതിയുടെ ഏകോപനത്തിനായി ആരോഗ്യവകുപ്പ് അഡ്മിനിസ്ട്രേഷൻ ആൻഡ് ട്രെയിനിംഗ് വിഭാഗം അഡിഷണല്‍ ഡയറക്ടർ ഡോ. ഷിനു കെ.എസിനെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചു. സ്പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ആശുപത്രികളിലെ നിലവിലെ സൗകര്യങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയാണ് 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കുന്നത്. ഇതിനായി ആവശ്യമായ മെഡിക്കല്‍, നഴ്സിംഗ്, പാരാമെഡിക്കല്‍ ജീവനക്കാരുടെ കണക്കെടുപ്പ് നടത്തി കൃത്യമായി വിന്യസിക്കും.
ആശുപത്രികളില്‍ ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും സ്ഥാപനങ്ങളുമായും ഏകോപനം നടത്തി സമയബന്ധിതമായി പദ്ധതി നടപ്പാക്കാനും പദ്ധതിയുടെ പുരോഗതി നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തി.






