കൊച്ചി: ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന പേരില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കും മെതിരെ കേസ് എടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ ഡി).
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ECIR) ഫയല്‍ ചെയ്തത്. ഇ ഡി കേസ് വരുന്നതിന് തൊട്ട് മുന്നെ മെസി കേസിലെ പൊലീസ് എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ അസ്റ്റിൻ ഹൈക്കോടതിയെയും സമീപിച്ചു.
സർക്കാറിന് നഷ്ടവും അവമതിപ്പുമുണ്ടാക്കിയതിന് തെളിവില്ലെന്നാണ് വാദം. സർക്കാരിന് ഉണ്ടായ നഷ്ടം എത്രയെന്ന്, അല്ലെങ്കില്‍ ഡെപ്പോസിറ്റ് കെട്ടിവെക്കണം എന്ന് കാണിക്കുന്ന കൃത്യമായ വിവരങ്ങള്‍ ഇല്ല എന്നും ഹർജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.
മെസിയെ കൊണ്ടു വരുമെന്നപേരില് നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ ഒടുവില്‍ പി എം എല്‍ എ നിയമപ്രകാരമുള്ള അന്വേഷണവും തുടങ്ങുകയാണ് ഇ ഡി. മെസിയെ കൊണ്ടുവരാൻ വിദേശത്തേക്ക് അയച്ച പണത്തിന്റെ ഉറവിടം എന്ത്? മെസ്സിയെ മറയാക്കി സാമ്പത്തിക ലാഭം ഉണ്ടാക്കിയോ, ആർക്കൊക്കെ സാമ്പത്തിക നേട്ടമുണ്ടായി എന്നിവ ഇ ഡി അന്വേഷണത്തിന്റെ പരിധിയില്‍ വരും.
ഇതോടൊപ്പം കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കരാർ ഇല്ലാതെ വിട്ടു നല്‍കിയതിലെ സാമ്പത്തിക ഇടപാടും ഇ ഡി അന്വേഷിക്കും. സാധാരണ സ്റ്റേഡിയം വിട്ടു നല്കുമ്പോള് 5 കോടി കരുതല്‍ ധനം നല്‍കണം എന്ന ചട്ടം ലംഘിച്ചിരുന്നു.
സ്റ്റേഡിയം നവീകരണത്തിന്റെ മറവില്‍ കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടുണ്ടാകാമെന്നും ഇ ഡി സംശയിക്കുന്നു. വിദേശ വിനിമയ ചട്ടം ലംഘിച്ചു നടത്തിയ ഇടപാടുകളില്‍ ഇ ഡി നേരത്തെ നടപടി തുടങ്ങിയിരുന്നു. കേസ് എടുത്ത പശ്ചാത്തലത്തില്‍ തുടർന്നടപടികളിലേക്ക് ഇ ഡി കടക്കും. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ആർ ബി സി) ഓഫീസില്‍ പരിശോധനക്കും, ആർ ബി സി എം ഡി ആന്റോ അഗസ്റ്റിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ സാധ്യത ഉണ്ട്.
നേരത്തെ തൃക്കാക്കര എ സി പിയുടെ നേതൃത്വത്തില്‍ നടത്തിയ ആർ ബി സി ഓഫീസിലെ റൈഡില്‍ ഡോളർ അടക്കം വിദേശ കറൻസി പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഉറവിടം പറയാൻ ആന്റോക്ക് കഴിഞ്ഞിരുന്നില്ല. ഈ വിവരങ്ങളും പൊലിസ് ഇ ഡിക്ക് കൈമാറിയിരുന്നു.






