ബ്യൂണസ് ഐറിസ് : അർജന്റീനയ്ക്കായുള്ള അവസാന മത്സരം പൂർത്തിയാക്കി ഇതിഹാസ താരം ലയണല്‍ മെസി വിടവാങ്ങി. അർജന്റീനയ്ക്കായി 21 വർഷം കളിച്ചശേഷമാണ് മെസി വിരമിക്കുന്നത്. ബ്യൂണസ് ഐറിസിലെ മോണ്യുമെന്റല്‍ സ്റ്റേഡിയത്തില്‍ ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെയായിരുന്നു മെസിയുടെ അവസാന ദേശീയ മത്സരം. മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് അർജന്റീന ബെനിനെ തകർത്തു.
മെസിയുടെ വകയായിരുന്നു മൂന്നാം ഗോള്‍. മറ്റ് രണ്ടു ഗോളുകളും മെസിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു. നിക്കോളാസ് ഓട്ടോമെൻഡിയും നിക്കോ പാസുമാണ് മെസിയുടെ അസിസ്റ്റില്‍ ഗോളുകള്‍ നേടിയത്.ലോകകപ്പടക്കം ദേശീയ കുപ്പായത്തില്‍ സർവതും നേടി ഇതിഹാസതാരമായാണ് പടിയിറക്കം. മെസിയുടെ ജഴ്സി നമ്പരായ പത്തിനെ സൂചിപ്പിച്ചുകൊണ്ട് കളിയുടെ പത്താം മിനിറ്റില്‍ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു.
ദേശീയഗാനം ആലപിച്ച സമയത്ത് മെസി വികാരാധീനനായി. ബെനിൻ താരങ്ങളെത്തി മെസിക്ക് ഹസ്തദാനം നല്കി. ഗാലറിയില്‍ ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി മെസിയുടെ പേര് ആർത്തുവിളിച്ചു. അർജന്റീന-ബെനിൻ താരങ്ങളും മെസിയെ കൈയടിച്ച് ആദരിച്ചു.
ബെനിൻ നായകൻ സെസി ഡി അല്‍മെയ്ദ പ്രത്യേക ഉപഹാരവും മെസിക്ക് സമ്മാനിച്ചു. 71-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു അർജന്റീനയ്ക്കായുള്ള മെസിയുടെ അവസാന ഗോള്‍. ഇതോടെ മെസിയുടെ ഗോള്‍നേട്ടം 126 ആയി. 70 അസിസ്റ്റുകളും നല്കി ദേശീയ ടീമിനോട് മെസി വിടപറയുന്നു.
ലോകകപ്പ് ഫുട്ബോളില്‍ സ്പെയിനിനെതിരായ ഫൈനല്‍ തോല്‍വിയും പിന്നാലെ അച്ഛൻ ഹോർഗെ മെസിയുടെ മരണവുമാണ് മെസിയെ ഉലച്ചത്. ആഗസ്റ്റ് 31ന് സമൂഹമാധ്യമങ്ങളിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചു.വൈകാരികമായ കുറിപ്പായിരുന്നു അത്. രണ്ട് പതിറ്റാണ്ടിന്റെ യാത്രയില്‍ ഒപ്പംനിന്നവർക്ക് നന്ദി അറിയിച്ചു. അർജന്റീന കുപ്പായത്തില്‍ ഒരു ലോകകപ്പ്, രണ്ട് കോപ അമേരിക്ക, ഒരു ഫൈനലിസിമ ട്രോഫി എന്നിവ നേടിയാണ് മടക്കം.2005ല്‍ ഹംഗറിക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു അരങ്ങേറ്റം.
ആറ് ലോകകപ്പുകള്‍ കളിച്ചു. 2016ലെ കോപ ഫൈനല്‍ തോല്‍വിക്കുശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും വീണ്ടും തിരിച്ചെത്തി. 2022 ലോകകപ്പ് നേട്ടത്തിലൂടെ ഇതിഹാസപട്ടം ഉറപ്പിച്ചു. 207 കളിയില്‍ 125 ഗോളടിച്ചു.
എട്ട് ബാലണ്‍ ഡി ഓറും നേടി. ക്ലബ് ഫുട്ബോളില്‍ ഇന്റർ മയാമിക്കായി മെസി കളി തുടരും.






