പറവൂർ: മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പറവൂർ താലൂക്കാശുപത്രിയിലുണ്ടായ ചികിത്സാപ്പിഴവില്‍ അന്വേഷണം അട്ടിമറിക്കാൻ നീക്കം.
ചികിത്സാ പിഴവിന് ഇരയായി കാല് മുറിക്കേണ്ടി വന്ന അബ്ദുള്‍ ജബ്ബാറിൻ്റെ പരാതിയില്‍ ഇതുവരെ അന്വേഷണമാരംഭിച്ചിട്ടില്ല. ഡിജിപിക്ക് ഉള്‍പ്പടെ പരാതി നല്‍കിയിട്ടും നടപടി എങ്ങുമെത്തിയില്ല.
കാലിലെ വേദനയെ തുടർന്ന് പറവൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ജബ്ബാറിൻ്റെ വലതുകാല്‍ മുറിച്ചുമാറ്റുകയായിരുന്നു. ആദ്യ മണിക്കൂറുകളില്‍ മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ടു.
കുന്നുകര വയല്‍ക്കര ആറ്റുവേപ്പില് അബ്ദുള്‍ ജബ്ബാർ (56) എന്നയാളുടെ വലതുകാലിന്റെ മുട്ടിന് താഴെയാണ് ചികിത്സാപ്പിഴവിനെ തുടർന്ന് മുറിച്ചുമാറ്റേണ്ടി വന്നത്. കാലുവേദനയുമായി ആശുപത്രിയിലെത്തിയ ഇദ്ദേഹത്തിന് വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നാണ് പ്രധാന ആരോപണം.
ചാലാക്ക ശ്രീ നാരായണ മെഡിക്കല്‍ കോളജിന് സമീപം ഹോട്ടല്‍ നടത്തിയിരുന്ന അബ്ദുള്‍ ജബ്ബാര്‍ മാഞ്ഞാലി മാവിന്ചുവടിലുള്ള സഹോദരിയുടെ വീട്ടിലാണ് താമസം.
ജൂലൈ 26ന് രാത്രി ഏഴ് മണിയോടെയാണ് വലതുകാലില്‍ വേദനയുണ്ടായത്. ഉടന്‍ പറവൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പരിശോധിച്ച ശേഷം വേദനസംഹാരികളും കുത്തിവയ്പ്പും നല്കി.
വീട്ടിലേക്കു മടങ്ങിയെങ്കിലും വേദന കൂടിയതിനെത്തുടര്‍ന്ന് വീണ്ടും ആശപത്രിയിലെത്തി. പിറ്റേന്ന് വന്ന് സര്‍ജനെ കാണാന്‍ നിര്‍ദേശിച്ച് ഡോക്ടര്‍ തിരിച്ചയച്ചതായി അബ്ദുള്‍ ജബ്ബാര്‍ പറയുന്നു.
പിറ്റേന്ന് രാവിലെ ആശുപത്രിയിലെത്തി സര്‍ജനെ കണ്ടു. കാലിനുണ്ടായ സ്ട്രോക്ക് ആണ് വേദനയ്ക്കു കാരണമെന്നും കഠിനമായ വേദന തുടങ്ങി 6-8 മണിക്കൂറിനകം ശസ്ത്രക്രിയ ചെയ്യേണ്ടതായിരുന്നുവെന്നും ഇനി മുട്ടിന് താഴെ മുറിച്ച് മാറ്റാതെ നിര്‍വാഹമില്ലെന്നും സര്ജന് പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ നിര്‍ദേശിച്ചെങ്കിലും പെട്ടെന്നുള്ള ചികിത്സക്കായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപതിയിലെത്തി. അവിടെ സര്‍ജനെ കണ്ടപ്പോഴും താലൂക്ക് ഗവ.ആശുപത്രിയിലെ സര്ജന് പറഞ്ഞതു തന്നെയാണ് പരിഹാരമായി നിര്‍ദേശിച്ചത്.
സാമ്പത്തിക ബുദ്ധിമുട്ട് മൂലം കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചു. അവിടുത്തെ ഡോക്ടറും ചികിത്സാപ്പിഴവ് സ്ഥിരീകരിച്ചു.
തുടര്‍ന്ന് വലതുകാല്‍മുട്ടിന് താഴെ മുറിച്ച് മാറ്റിയെന്നും ജീവിതം വഴിമുട്ടിയ അവസ്ഥയായെന്നും അബ്ദുള്‍ ജബ്ബാര്‍ പറയുന്നു. ചികിത്സാപ്പിഴവിനെക്കുറിച്ച് പലവട്ടം ആശുപത്രി സൂപ്രണ്ടിനെ കണ്ട് സംസാരിച്ചെങ്കിലും തുടര്‍നടപടികളുണ്ടായില്ല.






