ചങ്ങനാശ്ശേരി: എം.സി റോഡിൽ കുറിച്ചി ഭാഗത്ത് പ്രവർത്തനം നിലച്ച താൽക്കാലിക തട്ടുകടകൾ പൊളിച്ചുനീക്കാത്തത് ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും ദുരിതമാകുന്നതായി പരാതി. കോടിമത മുതൽ മതുമൂല വരെയുള്ള ഭാഗത്ത് വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന നിരവധി തട്ടുകടകളാണുള്ളത്.
വീതി കുറഞ്ഞ റോഡിന്റെ വശങ്ങളിൽ ഇവ സ്ഥാപിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകുന്നതിനും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ട് നേരിടുകയാണ്. പല തട്ടുകളും കാടുകയറി മൂടിയ നിലയിലായതോടെ ഇഴജന്തുക്കളുടെ ശല്യത്തിനും സാധ്യതയുണ്ട്.
കുറിച്ചി അഞ്ചൽക്കുറ്റിയിൽ നിന്ന് മലകുന്നം ഭാഗത്തേക്ക് തിരിയുന്ന റോഡിൽ പ്രവർത്തനമില്ലാതെ കിടക്കുന്ന തട്ടുകടയും അപകടഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പറയുന്നു. റോഡിന് വീതി കുറവുള്ള ഈ ഭാഗത്ത് തട്ട് നിലനിൽക്കുന്നത് കാഴ്ച മറയ്ക്കുന്നതിനും അപകടസാധ്യത വർധിപ്പിക്കുന്നതിനും ഇടയാക്കുന്നു.
പഞ്ചായത്ത് ലൈസൻസില്ലാത്തതും ആരോഗ്യവകുപ്പിന്റെ പരിശോധനകൾ ശക്തമായതുമാണ് പല തട്ടുകടകളും പ്രവർത്തനം നിർത്താൻ കാരണമെന്നാണ് വിവരം. എന്നാൽ പ്രവർത്തനം അവസാനിപ്പിച്ചിട്ടും ഇവ പൊളിച്ചുനീക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി.
റോഡരികിലെ ഉപയോഗശൂന്യമായ തട്ടുകടകൾ അടിയന്തരമായി പൊളിച്ചുനീക്കി ഗതാഗതവും കാൽനടയാത്രയും സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






