കോട്ടയം: മറവൻതുരുത്ത് പി.ഡബ്ല്യു.ഡി. റോഡിൽ കുഴിയടയ്ക്കുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടി ഒരാഴ്ചയായിട്ടും ചോർച്ച പരിഹരിക്കാതെ അധികൃതർ .
ടോൾ–പാലാംകടവ് റോഡിലെ ഐ.എച്ച്.ഡി.പി. ജംഗ്ഷന് സമീപമാണ് കുടിവെള്ളം പാഴാകുന്നത്.
പ്രദേശവാസികൾ പറയുന്നതനുസരിച്ച്, മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡ് പൊളിച്ച് കുഴിയടയ്ക്കുന്നതിനിടെയാണ് കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയത്. ഇതോടെ ദിവസങ്ങളായി കുടിവെള്ളം റോഡിലേക്ക് ഒഴുകുകയാണ്.
ചോർന്നൊഴുകുന്ന വെള്ളം വീണ്ടും റോഡിൽ കെട്ടിക്കിടന്ന് പുതിയ കുഴികൾ രൂപപ്പെടുകയും യാത്ര കൂടുതൽ ദുഷ്കരമാക്കുകയും ചെയ്തിട്ടുണ്ട്. റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം സമീപത്തെ പഞ്ചായത്ത്റോഡിലേക്കും ഒഴുകുന്നതിനാൽ ഇരുവഴികളിലൂടെയും സഞ്ചരിക്കുന്ന വാഹനയാത്രികരും നാട്ടുകാരും ബുദ്ധിമുട്ട് നേരിടുകയാണ്. പ്രത്യേകിച്ച് മഴക്കാലത്ത് ഈ ഭാഗത്ത് അപകടസാധ്യതയും വർധിച്ചിരിക്കുകയാണ്.
സംഭവം ഒരാഴ്ച മുൻപേ തന്നെ പ്രദേശവാസികളും വാർഡ് പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ചോർച്ച പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
വർഷങ്ങളായി തകർന്നുകിടക്കുന്ന ടോൾ–പാലാംകടവ് റോഡിലെ കുഴികൾ നിരവധി അപകടങ്ങൾക്ക് കാരണമായിരുന്നു. നാട്ടുകാരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും പരാതിയെ തുടർന്ന് കെ. ബിനിമോൻ എം.എൽ.എ. ഇടപെട്ടതോടെയാണ് പി.ഡബ്ല്യു.ഡി. റോഡിലെ കുഴികൾ അടയ്ക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ അതിനിടെയുണ്ടായ പൈപ്പ് പൊട്ടൽ പുതിയ പ്രതിസന്ധിക്കാണ് വഴിവെച്ചത്.
റോഡിന്റെ അറ്റകുറ്റപ്പണിക്കൊപ്പം കുടിവെള്ള പൈപ്പ് ചോർച്ചയും അടിയന്തരമായി പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.






