കോഴിക്കോട്: വിവാദമായ മണിയൂർ പോക്സോ കേസിൽ അറസ്റ്റിലായ പ്രവാസി വ്യവസായിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വടകര ബാങ്ക് റോഡിലെ ചങ്ങരോത്ത് അബ്ദുൾ റഫീഖിനെ (48) കോഴിക്കോട് റൂറൽജില്ലാ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.
റഫീഖിന്റെ ജാമ്യം റദ്ദാക്കിയ കൊയിലാണ്ടി പോക്സോ കോടതി വിധി 26-ന് ഹൈക്കോടതി സ്റ്റേചെയ്തിരുന്നു.
ഇതിൽ വിശദമായ വാദംകേട്ടശേഷം ബുധനാഴ്ച രാവിലെ ഹൈക്കോടതി സ്റ്റേ നീക്കി.
ഈ വിവരം വന്ന് മിനിറ്റുകൾക്കുള്ളിൽ റഫീഖ് പോലീസിന്റെ കസ്റ്റഡിയിലായി.
ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഒന്നരവർഷം മുൻപ് മണിയൂർ സ്വദേശിനിയായ പതിനൊന്നുവയസ്സുകാരിയെ മാതാവിന്റെ സുഹൃത്തായ റഫീഖ് വീട്ടിലെത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നാണ് കേസ്.
പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ റഫീഖിനെ പിടികൂടാൻ വൈകുകയും ഇയാൾക്ക് ജാമ്യം ലഭിക്കുകയും ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു.
പൊലീസിനെതിരേ വലിയ ജനകീയരോഷം ഉയർന്നു. ഇതോടെ കേസ് കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ചിന് കൈമാറി.
ഒടുവിൽ ക്രൈംബ്രാഞ്ച് കോഴിക്കോട്ടുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് കാറിൽ വരുന്നതിനിടെ പത്തരയോടെ റഫീഖിനെ പിടികൂടുകയായിരുന്നു.
പ്രതിയുടെ അറസ്റ്റിൽ നാട്ടുകാർ ആഹ്ളാദ പ്രകടനം നടത്തി.
വടകര മണിയൂരിൽ നടന്ന പ്രകടനത്തിൽ സ്ത്രീകൾ അടക്കം നിരവധി പേരാണ് പങ്കെടുത്തത്.






