കോട്ടയം: ജില്ലയിലെ ചരിത്രപ്രസിദ്ധമായ മണർകാട് ദേവീക്ഷേത്രത്തിന് കീഴിലുള്ള പെരുമാനൂർ കുളം അധികൃതരുടെ അവഗണനയെ തുടർന്ന് മലിനമാകുകയാണെന്ന പരാതിയുമായി നാട്ടുകാരും ഭക്തജനങ്ങളും.
പാരമ്പര്യവും വിശ്വാസപരവുമായ പ്രാധാന്യമുള്ള കുളം സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ മാസം കുളത്തിന്റെ സമീപത്ത് ജലവിഭവ വകുപ്പ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ കുളത്തിന്റെ കൽക്കെട്ടിന്റെ ഭാഗങ്ങൾ ഇടിഞ്ഞതായും സമീപത്ത് നട്ടിരുന്ന തെങ്ങിൻതൈ വെട്ടി കുളത്തിലേക്ക് തള്ളിയതായും നാട്ടുകാർ ആരോപിക്കുന്നു. കുളത്തിൽ വീണുകിടക്കുന്ന തെങ്ങിൻതൈ ചീഞ്ഞഴുകിയതോടെ ജലത്തിന്റെ ഗുണനിലവാരം മോശമായെന്നും കുളം മലിനമാകുന്ന സാഹചര്യമാണെന്നും പ്രദേശവാസികൾ പറയുന്നു.
ഇതിന് മുമ്പും സമാന രീതിയിൽ കുളം അവഗണിക്കപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് കാവുകളും കുളങ്ങളും സംരക്ഷിക്കണമെന്ന കോടതി നിർദേശങ്ങൾ നിലവിലിരിക്കെയാണ് പെരുമാനൂർ കുളത്തിന്റെ ഇന്നത്തെ അവസ്ഥ ആശങ്കയുണ്ടാക്കുന്നതെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.
വിശ്വാസകേന്ദ്രത്തോട് ചേർന്ന ഈ ജലാശയം സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര ഇടപെടൽ നടത്തണമെന്നും കുളം സംരക്ഷിക്കുന്നതിനായി എം.എൽ.എയുടെ സഹായം തേടുമെന്നും ഭക്തജനങ്ങളും പ്രദേശവാസികളും അറിയിച്ചു.






