മുഴപ്പിലങ്ങാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് (ടി.കെ. ദാമോദരൻ -80) മരിച്ചു.
മുഴപ്പിലങ്ങാട് മഠത്തിന് സമീപം ദേശീയപാത മുറിച്ച് കടക്കവെ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് അന്ത്യം.
കഴിഞ്ഞ 18ന് രാത്രി കണ്ണൂരില്‍നിന്നു ബസ്സിറങ്ങി വീട്ടിലേക്ക് പോകാൻ പാത മുറിച്ചു കടക്കവെയാണ് വാഹനമിടിച്ചത്. റോഡിലേക്ക് തെറിച്ച് വീണ ടി.കെ.ഡിയെ നാട്ടുകാർ ചേർന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ച ശേഷം പരിക്ക് ഗുരുതരമായതിനാല്‍ കൂടുതല്‍ ചികിത്സക്കായി അന്ന് തന്നെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നോവല്‍, കഥ, കവിത, ബാലസാഹിത്യം, നാടകം തുടങ്ങി സാഹിത്യത്തിൻ്റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് ടി.കെ.ഡി. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റ്യൂട്ട് അവാർഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
കടല്‍ കാക്ക, പെരുന്തച്ചൻ, ഒരു വിലക്ക് എന്നീ ചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ച അദ്ദേഹം ആകാശവാണിക്കും ദൂരദർശനും വേണ്ടി നിരവധി രചനകള്‍ നിർവഹിച്ചിട്ടുണ്ട്.
മൃതദേഹം ഉച്ചയോടെ മുഴപ്പിലങ്ങാട്ടെ വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ടി.പി. ഉഷ. മക്കള്‍: ശ്രീജിത് പ്രസാദ്, ശ്രീസംഗീത ജഗദീശൻ, ശ്രീഷിത ശൈലേഷ്.






