ഡൽഹി: നേപ്പാളിലുണ്ടായ കനത്ത മിന്നല്‍ പ്രളയത്തിന് കാരണം ടിബറ്റൻ മേഖലയിലുണ്ടായ ഭൂചലനമെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി ശിശിർ ഖനാല്‍ വ്യക്തമാക്കി.
ടിബറ്റില്‍ രേഖപ്പെടുത്തിയ 4.4 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് വൻ ഹിമപാതവും മണ്ണിടിച്ചിലും ഉണ്ടാകുകയും, ഇത് നദിയിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി പ്രളയത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. ദുരന്തത്തില്‍ മരണസംഖ്യ 95 ആയി ഉയർന്നു.
രസുവ ജില്ലയിലെ ഭോട്ടെകോശി നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ സ്യാപ്രു ബെസി, തിമൂരെ മേഖലകളിലെ ഗ്രാമങ്ങളും മാർക്കറ്റുകളും പൂർണമായി ഒലിച്ചുപോയി. 13 പ്രധാന ജലവൈദ്യുത പദ്ധതികള്‍ക്കും ട്രാൻസ്മിഷൻ ലൈനുകള്‍ക്കും തകരാർ സംഭവിച്ചു. 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡും തകർന്നതോടെ ഗതാഗതമാർഗ്ഗങ്ങള്‍,lപൂർണ്ണമായി സ്തംഭിച്ചു. ചൈന അതിർത്തിയിലെ വൻ മണ്ണിടിച്ചില്‍ കാരണം വാർത്താവിനിമയ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.
105 ഇന്ത്യക്കാരടക്കം 384 വിനോദസഞ്ചാരികളെയും ഡ്യൂട്ടിയിലുണ്ടായിരുന്ന 33 സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചില്‍ ഊർജിതമായി പുരോഗമിക്കുകയാണ്. അതേസമയം, വഴിയില്‍ കുടുങ്ങിയ 36 അംഗ മലയാളി വിനോദസഞ്ചാരികളുടെ സംഘം നിലവില്‍ സുരക്ഷിതരാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
നേപ്പാള്‍ സൈന്യവും ദുരന്തനിവാരണ സേനയും ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. നേപ്പാള്‍ സർക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതായി വ്യക്തമാക്കിയ ഇന്ത്യൻ എംബസി പ്രത്യേക ഹെല്‍പ്പ് ലൈൻ നമ്പറുകളും പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി ബാലെൻ ഷായുമായി സംസാരിക്കുകയും ഇന്ത്യ ഉടൻ ദുരിതാശ്വാസ സാമഗ്രികള്‍ അയക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
നേപ്പാളിലെ പ്രളയ പശ്ചാത്തലത്തില്‍ ഗണ്ഡക്, നാരായണി നദികളില്‍ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാല്‍ അയല്‍ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും ബീഹാറിലും കടുത്ത ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബീഹാർ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞു.






