കോട്ടയം : ത്രിമാന കാഴ്ചകൾ സാദ്ധ്യമാക്കുന്ന നൂതന ദൃശ്യാനുഭവങ്ങൾ നൽകുന്ന വെർച്വൽ റിയാലിറ്റി കേന്ദ്രത്തിന് മലരിക്കലിൽ തുടക്കമായി. മലരിക്കൽ ടൂറിസം കേന്ദ്രത്തിൽ എത്തുന്നവർക്ക് പുക്കൾ കണ്ടു മടങ്ങുന്നതിനപ്പുറം കാണാൻ മറ്റെന്താണ് അവിടെയുള്ളത് എന്ന ചോദ്യത്തിന് ഇതോടെ മറുപടിയായി.
വിവിധ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, സമുദ്രത്തിനടിയിലെ അത്ഭുതലോകം, ബഹിരാകാശം തുടങ്ങി വ്യത്യസ്തമായ അനുഭവങ്ങൾ വിആർ ഹെഡ്സെറ്റിലൂടെ നേരിട്ട് അനുഭവിക്കാൻ കഴിയും. കേന്ദ്രത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ് 3ഡി മൂവി തിയേറ്റർ.
കേന്ദ്രത്തിലെ 3ഡി ഗാലറിയാണ് മറ്റൊരു പ്രധാന ആകർഷണം. കോട്ടയത്തെ ചെറിയപള്ളി, വലിയപള്ളി, കുരിശുപള്ളി, ജുമാ മസ്ജിദ്, സിഎംഎസ് ഹൈസ്കൂൾ തുടങ്ങി പ്രധാന ചരിത്ര-വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും കേരളത്തിലെ മറ്റു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും 3ഡി ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
മലരിക്കൽ ആമ്പൽ പാടത്തിൻ്റെ മുഴുവൻ സൗന്ദര്യവും ഒറ്റ ഫ്രെയിമിലാക്കി അവതരിപ്പിക്കുന്ന, ഏകദേശം 10 കിലോമീറ്റർ ദൂരെയുള്ള മാർത്താണ്ഡം വരെയുള്ള സ്ഥലങ്ങൾ കാണാൻ കഴിയുന്ന ബൈനോക്കുലർ വാച്ച് സൗകര്യവും കേന്ദ്രത്തിലുണ്ട്.
സന്ദർശകർക്ക് സ്വന്തം 3ഡി ഫോട്ടോകൾ എടുക്കുന്നതിനായി 3ഡി ഫോട്ടോ ബൂത്തും ഒരുക്കിയിട്ടുണ്ട്. കൂടാതെ, സന്ദർശകർ കൊണ്ടുവരുന്ന സാധാരണ ഫോട്ടോകൾ 3ഡി ചിത്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രത്യേക സേവനവും കേന്ദ്രത്തിൽ ലഭ്യമാകും. സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും കേന്ദ്രത്തിലെത്തി വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, 3ഡി ലേർണിംഗ് തുടങ്ങിയ ഭാവിയുടെ വിദ്യാഭ്യാസ സാങ്കേതിക വിദ്യകൾ നേരിട്ട് പരിചയപ്പെടാനും അനുഭവിക്കാനും സാധിക്കും.
തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയ സജിമോൻ ചടങ്ങിൽ അദ്ധ്യക്ഷയായിരുന്നു. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുന:സംയോജന പദ്ധതി കോ -ഓർഡിനേറ്റർ അഡ്വ. കെ അനിൽകുമാർ കേന്ദ്രം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ഒഎസ് അനീഷ് കുമാർ, സിജി ബിജു, മുൻ അംഗം സുമേഷ് കാഞ്ഞിരം, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എഎം ബിന്നു, മലരിക്കൽ ടൂറിസം സൊസൈറ്റി പ്രസിഡൻ്റ് വികെ ഷാജിമോൻ, സെക്രട്ടറി ജയദീഷ് ജയപാൽ, വൈസ് പ്രസിഡണ്ട് സിജി മുരളീധരൻ, വെർച്ച്യുവോ-ആദ്യ എൻ്റർപ്രൈസസ് ടെക് - കോ-ഓർഡിനേറ്റർ ആതിര ഹരിദാസ് , ജോസ് കെ കുര്യൻ എന്നിവർ പ്രസംഗിച്ചു.
പികെ പൊന്നപ്പൻ, സിയാദ് കാഞ്ഞിരം, ജോസ് കെ ഏബ്രഹാം, വിറ്റി ജോൺ, എകെ ഗോപി, സന്തോഷ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ 6 മുതൽ രാത്രി 8 വരെ കേന്ദ്രം പ്രവർത്തിക്കും. സ്കൂളുകൾക്കും സന്നദ്ധ സംഘടനകൾക്കും മറ്റു ഗ്രൂപ്പ് ബുക്കിംഗുകൾക്കും ഇളവുണ്ട്.
ഫോൺ : 93495 03540 / 8137963235






