കോട്ടയം : മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുന:സംയോജന പദ്ധതിയുടെ ഭാഗമായി 2018ൽ ആരംഭിച്ച
മലരിക്കൽ ടൂറിസം കേന്ദ്രത്തിൽ പുതിയ വിആർ & 3ഡി എക്സ്പീരിയൻസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നു. ഇതോടെ ടൂറിസം വികസനത്തിൽ പുതിയ ചുവടുവയ്പ് നടത്തുകയാണ്. 3ഡി എക്സ്പീരിയൻസ് സെന്ററിന്റെ ഉദ്ഘാടനം ആഗസ്റ്റ് 20 വ്യാഴാഴ്ച രാവിലെ 8 മണിക്ക് നിർവ്വഹിക്കും.
തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, ജെ ബ്ലോക്ക് 9000, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള ആമ്പൽ വസന്തത്തിന് മകുടം ചാർത്തിക്കൊണ്ടാണ് ഇപ്പോൾ 3ഡി എക്സ്പീരിയൻസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്.
സന്ദർശകർക്ക് സാങ്കേതികവിദ്യയുടെയും വിനോദത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പുതിയ അനുഭവങ്ങൾ വിആർ & 3ഡി എക്സ്പീരിയൻസ് സെന്റർ സമ്മാനിക്കും. വിർച്യു യുടെ നേതൃത്വത്തിൽ ഒരുക്കുന്ന ഈ കേന്ദ്രത്തിലൂടെ ലോകത്തിലെ നിരവധി പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വിർച്വലായി യാത്ര ചെയ്യാനുള്ള അവസരമാണ് സന്ദർശകർക്ക് ലഭിക്കുന്നത്. വിവിധ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, സമുദ്രത്തിനടിയിലെ അത്ഭുതലോകം, ബഹിരാകാശം തുടങ്ങി വ്യത്യസ്തമായ അനുഭവങ്ങൾ വിആർ ഹെഡ്സെറ്റിലൂടെ നേരിട്ട് അനുഭവിക്കാൻ കഴിയും.
കേന്ദ്രത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ് 3ഡി മൂവി തിയേറ്റർ. വിനോദപ്രദവും വിജ്ഞാനപ്രദവും വിദ്യാഭ്യാസപരവുമായ വിവിധ 3ഡി ഉള്ളടക്കങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. കേന്ദ്രത്തിലെ 3ഡി ഗാലറിയാണ് മറ്റൊരു പ്രധാന ആകർഷണം. കോട്ടയത്തെ ചെറിയപള്ളി, വലിയപള്ളി, കുരിശുപള്ളി, ജുമാ മസ്ജിദ്, സിഎംഎസ് ഹൈസ്കൂൾ തുടങ്ങി പ്രധാന ചരിത്ര-വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും കേരളത്തിലെ മറ്റു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും 3ഡി ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. ത്രിമാന ദൃശ്യാനുഭവത്തിലൂടെ ഈ സ്ഥലങ്ങളെ പുതിയൊരു രീതിയിൽ പരിചയപ്പെടാൻ സന്ദർശകർക്ക് സാധിക്കും.
മലരിക്കൽ ആമ്പൽ പാടത്തിൻ്റെ മുഴുവൻ സൗന്ദര്യവും ഒറ്റ ഫ്രെയിമിലാക്കി അവതരിപ്പിക്കുന്ന, ഏകദേശം 10 കിലോമീറ്റർ ദൂരെയുള്ള മാർത്താണ്ഡം വരെയുള്ള സ്ഥലങ്ങൾ കാണാൻ കഴിയുന്ന ബൈനോക്കുലർ വാച്ച് സൗകര്യവും കേന്ദ്രത്തിലുണ്ട്. കാലാവസ്ഥയും ദൃശ്യപരതയും അനുസരിച്ചായിരിക്കും ദൂരക്കാഴ്ചയുടെ വ്യക്തത. സന്ദർശകർക്ക് സ്വന്തം 3ഡി ഫോട്ടോകൾ എടുക്കുന്നതിനായി 3ഡി ഫോട്ടോ ബൂത്തും ഒരുക്കിയിട്ടുണ്ട്. കൂടാതെ, സന്ദർശകർ കൊണ്ടുവരുന്ന സാധാരണ ഫോട്ടോകൾ 3ഡി ചിത്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രത്യേക സേവനവും കേന്ദ്രത്തിൽ ലഭ്യമാകും.
മലരിക്കൽ ടൂറിസം സൊസൈറ്റിയുമായി സഹകരിച്ച്, വിർച്യു മലരിക്കലിനെ അടിസ്ഥാനമാക്കി പ്രത്യേക “മലരിക്കൽ 3ഡി കിറ്റ്” തയ്യാറാക്കിയിട്ടുണ്ട്. മലരിക്കലിന്റെ മനോഹരമായ 3ഡി ചിത്രങ്ങൾക്കൊപ്പം മലരിക്കലിന്റെ ചരിത്രവും അറിയപ്പെടാത്ത കഥകളും വിവരിക്കുന്ന “അൺടോൾഡ് സ്റ്റോറീസ് ഓഫ് മലരിക്കൽ” എന്ന പുസ്തകവും ഈ കിറ്റിന്റെ ഭാഗമാണ്.
വിദ്യാഭ്യാസ മേഖലയിലും പുതിയ കേന്ദ്രം ശ്രദ്ധേയമായ അവസരങ്ങൾ ഒരുക്കുന്നു. വിർച്യു വിആർ അധിഷ്ഠിത വിദ്യാഭ്യാസ സംവിധാനങ്ങളിലും സ്കൂളുകൾക്കായുള്ള എആർ/വിആർ ലാബുകളുടെ വികസനത്തിലും പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അതിനാൽ, സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും മലരിക്കൽ കേന്ദ്രത്തിലെത്തി വിർച്യുൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, 3ഡി ലേർണിംഗ് തുടങ്ങിയ ഭാവിയുടെ വിദ്യാഭ്യാസ സാങ്കേതികവിദ്യകൾ നേരിട്ട് പരിചയപ്പെടാനും അനുഭവിക്കാനും സാധിക്കും.
മലരിക്കൽ ടൂറിസത്തിന് പുതിയൊരു സാങ്കേതിക മാനം നൽകുന്നതിനൊപ്പം, പരമ്പരാഗത വിനോദസഞ്ചാര അനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായ പുതിയ അനുഭവങ്ങൾ സന്ദർശകർക്ക് സമ്മാനിക്കുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. മലരിക്കലിന്റെ പ്രകൃതിസൗന്ദര്യവും ടൂറിസം ആകർഷണങ്ങളും പുതിയ വിആർ & 3ഡി അനുഭവങ്ങളും ഒരുമിച്ചുചേരുന്നതോടെ പ്രകൃതി, പൈതൃകം, സാങ്കേതികവിദ്യ, വിനോദം, വിദ്യാഭ്യാസം എന്നിവയുടെ അപൂർവ സംഗമമായി മലരിക്കൽ മാറുകയാണ്.
ഓറൽ തീയറ്റർ മലരിക്കലിൻ്റെയും പരിസര പ്രദേശങ്ങളുടെയും നാട്ടുവിശേഷങ്ങളും ചരിത്രപരമായ പ്രത്യേകതകളും കഥ പറച്ചിലിൻ്റെ രൂപത്തിൽ അവതരിപ്പിക്കുന്ന ഓറൽ തീയറ്റർ ഉടൻ ആരംഭിക്കും. മലരിക്കൽ ഇനി ആമ്പൽ പൂക്കൾ കാണാനുള്ള ഒരു സ്ഥലം മാത്രമല്ല, മറിച്ച് പുതിയ സാങ്കേതിക കണ്ടുപിടുത്തങ്ങൾ അനുഭവിച്ചറിയാൻ കഴിയുന്ന ഒരു ഇടം കൂടിയായി മാറുകയാണ്.






