കോട്ടയം: ഏതാണ്ട് നാലു മാസം നീണ്ടുനിന്ന മലരിക്കൽ ആമ്പൽ വസന്തത്തിന് ഇടവേള. ഇനി ഇവിടെ വിരിയുന്ന പിങ്ക് വിസ്മയം കാണുവാൻ അടുത്ത ജൂൺ മാസം വരെ കാത്തിരിക്കണം.
കഴിഞ്ഞ സീസണിനേക്കാൾ വലിയ ജനത്തിരക്കായിരുന്നു ഇത്തവണ. കേരളത്തിനകത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നു പോലും ധാരാളമാളുകൾ ഇത്തവണ പിങ്ക് മാമാങ്കം തേടിയെത്തുകയുണ്ടായി. മന്ത്രിമാർ ഉൾപ്പെടെ അനവധി രാഷ്ട്രീയ സാമുഹിക സംസ്കാരിക നേതാക്കളും സിനിമാ-കലാ രംഗത്തെ പ്രശസ്തരും ഇവിടം സന്ദർശിക്കുകയുണ്ടായി.
ഇപ്പോഴും ധാരാളം അന്വേഷണങ്ങൾ വന്നു കൊണ്ടിരിക്കുന്നു. അടുത്ത പുഞ്ച കൃഷിക്കായി പാടത്തെ വെള്ളം വറ്റിച്ചു തുടങ്ങിയതിനാൽ വരമ്പു തെളിഞ്ഞ് വള്ളങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഇനിയും വള്ളത്തിലൂടെയുള്ള യാത്ര അനുവദിച്ചാൽ കൃഷി ഇറക്കേണ്ട നിലത്തിന് കേടുപാടുകളുണ്ടാകുമെന്നും ആയതിനാൽ എല്ലാ യാത്രാ വള്ളങ്ങളും പാടത്തിന് വെളിയിലിറക്കി പുഞ്ച കൃഷി സുഗമമാക്കുവാൻ സഹകരിക്കണമെന്ന് ജെ. ബ്ലോക് 9000 പാടശേഖര സമിതി പ്രസിഡൻ്റ് പി.എ. രജി അഭ്യർത്ഥിച്ചു.
സീസൺ അവസാനിച്ചതറിയാതെ നിരവധിയാളുകൾ അതിരാവിലെ എത്തുകയും നിരാശരായി മടങ്ങുകയും ചെയ്യുന്നുണ്ട്. ചിലർ പുഴയിലൂടെ വള്ളത്തിൽ സവാരി നടത്തി മടങ്ങുന്നു. ദൂരെയുള്ള ചില ആഴമുള്ള സ്ഥലങ്ങളിൽ അവശേഷിക്കുന്ന പൂക്കൾ കാണുവാൻ വള്ളക്കാരുടെ സഹായം തേടുന്നവരെയും കാണാം.






