കോട്ടയം : കോടിമത നാലുവരിപ്പാതയില്‍ ടയർ പഞ്ചറായി നിർത്തിയിട്ടിരുന്ന തടിലോറിയ്ക്ക് പിന്നില്‍ മിനി ലോറി ഇടിച്ച് അപകടം. അപകടത്തില്‍പ്പെട്ട മിനി ലോറിയുടെ തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ അഗ്നിരക്ഷാ സേനാ സംഘം എത്തി ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അരമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഡ്രൈവറെ ആശുപത്രിയിലേയ്ക്കു മാറ്റിയത്.
ഇന്ന് പുലർച്ചെ അഞ്ചരയോടെ കോടിമത നാലുവരിപ്പാതയില്‍ കോട്ടയം ക്ലബിനു സമീപത്തെ റോഡരികിലായിരുന്നു അപകടം. ടയർ പഞ്ചറായതിനെ തുടർന്ന് റോഡരികില്‍ നിർത്തിയ ശേഷം തടി ലോറിയുടെ ടയർ മാറ്റുകയായിരുന്നു. പിന്നിലെ ഇടത് വശത്തെ ടയർ പാതി അഴിച്ച നിലയിലായിരുന്നു. ഇതിന് ശേഷം ലോറിയുടെ ഡ്രൈവറും ക്ലീനറും സമീപത്തേയ്ക്കു മാറിയപ്പോഴാണ് ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ തമിഴ്നാട് രജിസ്ട്രേഷനുള്ള മിനി ലോറി തടി ലോറിയുടെ പിന്നിലേയ്ക്ക് ഇടിച്ചു കയറിയത്.
ഓടിക്കൂടിയ നാട്ടുകാർ വിവരം കണ്ട്രോള് റൂം പൊലീസിലും അഗ്നിരക്ഷാ സേനാ സംഘത്തെയും അറിയിച്ചു. അഗ്നിരക്ഷാ സേനാ സംഘം എത്തി അരമണിക്കൂർ നീണ്ടപരിശ്രമത്തിനൊടുവില്‍ ഡ്രൈവറെ ക്യാബിനുള്ളില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാ സംഘത്തിന്റെ ആംബുലൻസിലാണ് പരിക്കേറ്റയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്. അപകടത്തെ തുടർന്ന് എം.സി റോഡില്‍ ഗതാഗത തടസവും ഉണ്ടായി.






