കൊച്ചി: കുംഭമേള ചിത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായ പെണ്‍കുട്ടിക്ക് വീണ്ടും പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
കൊച്ചി പാലാരിവട്ടം പോലീസിനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇതുസംബന്ധിച്ച് നിർദേശം നല്‍കിയത്. പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കായി വനിതാ എഎസ്ഐയെ ചുമതലപ്പെടുത്തിയതായി പോലീസ് കോടതിയെ അറിയിച്ചു.
തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും കടുത്ത വിദ്വേഷ പ്രചാരണം നടക്കുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും കാട്ടി കഴിഞ്ഞ മാസമാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്.
തുടർന്ന് ജൂണ്‍ 19-ന് കോടതി സംരക്ഷണം അനുവദിച്ചിരുന്നെങ്കിലും, നല്കിയ വിലാസത്തിലോ ഫോണ്‍ നമ്പറിലോ പെണ്‍കുട്ടിയെ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന പോലീസ് റിപ്പോർട്ടിനെ തുടർന്ന് ഇടക്കാല ഉത്തരവ് റദ്ദാക്കിയിരുന്നു.
എന്നാല്‍, ആവശ്യമെങ്കില്‍ പെണ്‍കുട്ടിക്ക് നേരിട്ടെത്തി അപേക്ഷ നല്‍കാമെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷകനൊപ്പം സ്റ്റേഷനിലെത്തി രേഖാമൂലം അപേക്ഷ നല്‍കിയതോടെയാണ് കോടതി വീണ്ടും സംരക്ഷണം അനുവദിച്ചത്.
മുഹമ്മദ് ഫർമാനുമായുള്ള വിവാഹത്തിന് പിന്നാലെ തനിക്ക് നിരന്തരം വധഭീഷണികള്‍ വരുന്നുണ്ടെന്ന് പെണ്‍കുട്ടി വ്യക്തമാക്കുന്നു. വിവാഹത്തിന് പിന്നാലെ ഫർമാനെതിരെ തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പെണ്‍കുട്ടിയുടെ പിതാവ് മധ്യപ്രദേശ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് ഇരുവരും കേരള ഹൈക്കോടതിയെ സമീപിച്ച് ട്രാൻസിറ്റ് ജാമ്യം നേടുകയായിരുന്നു. ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് നിലവില്‍ ഹൈക്കോടതിയുടെ ഇടപെടല്‍.






