കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രത്തില്‍ ഉത്രട്ടാതി ദിവസം ക്ഷേത്രാചാരങ്ങളോടെ നടത്തുന്ന ചരിത്ര പ്രസിദ്ധമായ ഊരുചുറ്റ് വള്ളംകളി ഇന്ന്.
ഓണനാളു കഴിഞ്ഞുവരുന്ന ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ഊരുചുറ്റി വള്ളംകളി. ഈ ദിവസം കുമാരനല്ലൂര്‍ ഭഗവതി പ്രജകളുടെ ക്ഷേമമന്വേഷിച്ച് ഊരു ചുറ്റാനിറങ്ങുമെന്നാണ് ഭക്തരുടെ വിശ്വാസം. മത്സരത്തിനപ്പുറം തികഞ്ഞ ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് വള്ളംകളി നടത്തുന്നത്.
രാവിലെ ദേവീ ചൈതന്യം സിംഹവാഹനത്തില്‍ ആവാഹിച്ച് ക്ഷേത്രനടയില്‍നിന്ന് അകമ്പടിയോടെ ആറാട്ടുകടവായ പുത്തൻ കടവിലെത്തിച്ച് ചുരുളൻ വള്ളത്തിലാണ് ഈ ഊരു ചുറ്റല്. ക്ഷേത്രത്തിന്റെ ആറാട്ടുകടവില്‍ നിന്നാരംഭിച്ച് ക്ഷേത്രത്തെ ചുറ്റിയൊഴുകുന്ന മീനച്ചിലാറിന്റെ കൈവഴിയിലൂടെ ചുറ്റി ഘോഷയാത്ര രാത്രിയോടെ ക്ഷേത്രക്കടവില്‍ തിരിച്ചെത്തും. ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ കരക്കാർ പറകളൊരുക്കി സ്വീകരിക്കും. ഓടി വള്ളങ്ങളും ചുണ്ടൻ വള്ളങ്ങളും ഇതില്‍ പങ്കെടുക്കും.
കുമാരനല്ലൂർ, നടുഭാഗം, കിഴക്കുംഭാഗം, ഗാന്ധിനഗർ, നട്ടാശേരി എന്നീ എൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിലാണ് അകമ്പടി സേവിക്കുക. നീലിമംഗലം, ചവിട്ടുവരി, ചൂട്ടുവേലി, തെക്കേ നട്ടാശേരി വഴി സൂര്യകാലടിമനയിലെത്തും. പിന്നീട് ഇടത്തില്‍ മണപ്പുറം, നാഗമ്പടം, പനയക്കഴിപ്പ്, ചുങ്കം, ഗോവിന്ദപുരം, തിരുവാറ്റ, കല്ലുമട, പുലിക്കുട്ടിശേരി, കുടമാളൂർ, പനമ്പാലം, കുമാരനല്ലൂർ വടക്കേനട വഴി വൈകുന്നേരം ആറാട്ടുകടവില്‍ തിരികെയെത്തും.
കരവഞ്ചിയോടെ ക്ഷേത്രസന്നിധിയിലെത്തി സിംഹവാഹനം തിരികെ ഏല്പിക്കുന്നതോടെ സമാപിക്കും.






