കുമരകം: കർക്കിടകവാവ് ബലിയോടനുബന്ധിച്ച് കുമരകം ശ്രീകുമാരമംഗലം ദേവസ്വം പുറത്തിറക്കുന്ന പ്രത്യേക റീലിന്റെ പ്രകാശനകർമം ദേവസ്വം ഓഫീസിൽ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി റീൽ പ്രകാശനം നിർവഹിച്ചു.
കർക്കിടകവാവിന് "ഒരിക്കൽ വ്രതം" അനുഷ്ഠിച്ച് അതീവ ഭക്തിപൂർവം ബലിതർപ്പണം നടത്തുന്ന ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന കോട്ടയം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം. ഇത്തവണ 2026 ആഗസ്റ്റ് 12-ന് (1201 കർക്കിടകം 27) ബുധനാഴ്ച പുലർച്ചെ 5 മണിക്ക് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെയും മേൽശാന്തി ഷൈൻ ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിലായിരിക്കും ചടങ്ങുകൾ നടക്കുക. ഭക്തജനങ്ങളുടെ സൗകര്യം മുൻനിർത്തി വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ഒരുക്കിയിട്ടുള്ളത്.
കുമരകം കോണത്താറ്റ് പാലം ഗതാഗതത്തിനായി തുറന്നതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ ഭക്തജനങ്ങൾ ബലിതർപ്പണത്തിനായി എത്തുമെന്നാണ് പ്രതീക്ഷ. ഇതനുസരിച്ച് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണെന്ന് ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ് അറിയിച്ചു.
റീലിന്റെ പ്രകാശനച്ചടങ്ങിൽ ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. അനൂപ് ചൂളഭാഗം സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.എ. അഭിലാഷ് നന്ദി രേഖപ്പെടുത്തി. ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.






