തിരുവനന്തപുരം: ഓണവിപണിയിൽ നേട്ടം കൊയ്ത് കുടുംബശ്രീ.
ഓണക്കനി, നിറപ്പൊലിമ പദ്ധതികളുടെ ഭാഗമായി വനിതാ കർഷകർ ഉൽപ്പാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ച് 10.07 കോടിരൂപയാണ് കുടുംബശ്രീ സ്വന്തമാക്കിയത്.
ഓഗസ്റ്റ് അവസാനം വരെ സംസ്ഥാനത്തുടനീളം കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടായിരത്തിലേറെ ഓണം വിപണന മേളകളിലൂടെയാണ് ഈ വിറ്റുവരവ്.
പൂക്കളുടെ ആഭ്യന്തര ഉൽപ്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ നിറപ്പൊലിമ പദ്ധതിയും മികച്ച നേട്ടം കൈവരിച്ചു.
കുടുംബശ്രീയുടെ കീഴിലുള്ള 5,500 കർഷക സംഘങ്ങൾ കൃഷി ചെയ്ത 113.17 മെട്രിക് ടൺ പൂക്കൾ വിപണിയിലെത്തിച്ച് 1.16 കോടി രൂപയുടെ വിറ്റുവരവുണ്ടാക്കി.






