തിരുവനന്തപുരം: പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിൽ വിദ്യാർത്ഥികളോട് കെ.ടി. ജലീൽ നടത്തിയ പെരുമാറ്റത്തിൽ കടുത്ത വിമർശനവുമായി വനിത-ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ. ജലീലിന്റെ ഭാഗത്തുനിന്നുണ്ടായത് തികച്ചും കുറ്റകരവും അനുചിതവുമായ പെരുമാറ്റമാണെന്നും, അദ്ദേഹം തെറ്റ് അംഗീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ജലീൽ തന്റെ തെറ്റ് തിരിച്ചറിയുന്നില്ലെങ്കിൽ സിപിഐഎം അത് തിരുത്തണമെന്നും മന്ത്രി പറഞ്ഞു. കുട്ടികളോട് സംവദിക്കുകയായിരുന്നുവെന്ന് പറയുമ്പോഴും പൊതുവായന വളർത്തുകയെന്ന ലക്ഷ്യത്തിന് പൊതുവേദിയിൽ കുട്ടികളെ ആക്ഷേപിക്കുന്നത് ശരിയായ മാർഗമാണോയെന്ന് ജലീൽ വ്യക്തമാക്കണമെന്നും അവർ പറഞ്ഞു.
കുട്ടികളുടെ ആത്മവിശ്വാസം തകർക്കുകയും അപകർഷതാബോധം സൃഷ്ടിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും മന്ത്രി വിമർശിച്ചു. കുട്ടികൾ പരാതി നൽകിയിട്ടില്ലെങ്കിലും നിയമനടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
കെ.ടി. ജലീൽ വിദ്യാർത്ഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചെന്ന പരാതിയിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ ജലീലിന്റെ ഭാഗത്ത് നിന്ന് തെറ്റുണ്ടായതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മണ്ണാർക്കാട് നഗരസഭയുടെ 19, 20, 22 വാർഡുകളുടെ വിജയോത്സവ പരിപാടിക്കിടെയായിരുന്നു വിവാദത്തിന് ഇടയായ സംഭവം. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് "അക്ഷരമറിയില്ലേ" എന്ന് ചോദിച്ച ജലീൽ, വിലാസം തെറ്റിച്ച് എഴുതിയെന്ന് പറഞ്ഞ് ഒരു വിദ്യാർത്ഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സംഭവത്തിൽ എം.എസ്.എഫ് നൽകിയ പരാതിയെ തുടർന്ന് ബാലാവകാശ കമ്മീഷൻ കേസെടുത്തു. തുടർന്ന്, "ബാലാവകാശ കമ്മീഷൻ കേസ് എടുത്ത് ജയിലിൽ അടയ്ക്കട്ടെ, മുൻകൂർ ജാമ്യത്തിന് പോകില്ല" എന്നായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം.






