തിരുവനന്തപുരം: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസിന്റെയും ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ്വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 22ന് നടക്കും.
തമ്പാനൂർ ഹോട്ടൽ ചൈത്രത്തിൽ രാത്രി ഏഴരയ്ക്ക് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി ജോൺ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.
ലക്ഷദ്വീപ് ആദ്യ യാത്രയ്ക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാർക്കും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്കും യൂണിറ്റുകൾക്കും മന്ത്രി ഉപഹാരവും സമ്മാനിക്കും. സോഫ്റ്റ്വെയർ നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാനാകും.
ഇന്ത്യൻ റെയിൽവേയ്ക്ക് സമാനമായി കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷനിലും വെയിറ്റിങ് ലിസ്റ്റ് ഏർപ്പെടുത്തുന്നതാണ് പുതുതായി ഒരുക്കുന്ന മറ്റൊരു സംവിധാനം. ചടങ്ങിൽ തമ്പാനൂർ വാർഡ് കൗൺസിലർ ആർ. ഹരികുമാർ അധ്യക്ഷത വഹിക്കും.
കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കർ, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
കൊച്ചിയിൽ നിന്ന് വിമാനമാർഗം ആരംഭിച്ച് അഗത്തി, കൽപ്പിട്ടി ദ്വീപുകൾ സന്ദർശിക്കുന്നതാണ് ലക്ഷദ്വീപ് യാത്രാ പാക്കേജ്. മൂന്ന് രാത്രിയും നാല് പകലും നീളുന്ന യാത്ര സാധാരണക്കാരുടെ ബജറ്റിൽ ഒതുങ്ങുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രികരുടെ താത്പര്യമനുസരിച്ച് ഹോം സ്റ്റേ, റിസോർട്ട് എന്നീ രണ്ട് താമസ സൗകര്യങ്ങൾ പാക്കേജിൽ ലഭ്യമാണ്.
ലക്ഷദ്വീപ് പെർമിറ്റ്, വിമാനത്താവളത്തിൽ നിന്നുള്ള യാത്ര, രണ്ട് പേർക്ക് ഒരു മുറി എന്ന നിലയിലുള്ള താമസം, ഭക്ഷണം, വൈഫൈ, ഇൻഷുറൻസ് എന്നിവ പാക്കേജിന്റെ ഭാഗമാണ്. അഗത്തിയിലെ ബീച്ചുകൾ, സൂര്യാസ്തമയം എന്നിവ കാണുന്നതിനൊപ്പം കൽപ്പിട്ടി ദ്വീപിലേക്കുള്ള പ്രത്യേക ബോട്ട് യാത്രയും ഒരുക്കിയിട്ടുണ്ട്.
സ്നോർക്കലിങ്, ഗ്ലാസ് ബോട്ട് യാത്ര, കയാക്കിങ്, ഡോൾഫിൻ, കടലാമ എന്നിവയെ കാണാനുള്ള സൗകര്യം തുടങ്ങിയവയും യാത്രയിൽ ഉൾപ്പെടുന്നു. സ്ക്കൂബ ഡൈവിങ്, പാരാസെയിലിങ് എന്നിവ ആസ്വദിക്കാൻ താത്പര്യമുള്ളവർ യഥാക്രമം 4000, 3500 രൂപ വീതം അധികമായി നൽകണം. മാംസാഹാരം ഒഴിവാക്കേണ്ടവർ ബുക്കിങ് സമയത്ത് തന്നെ മുൻകൂട്ടി അറിയിക്കണം.






