തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ
പ്രിയദര്‍ശിനി കാരണം സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി നാളെ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും.
മുന്‍ ഡിജിപി കെ. പത്മകുമാര്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അൻപതാം ദിവസമാണ് റിപ്പോർട്ട് നൽകുന്നത്. സ്വകാര്യ ബസുകളുടെ നഷ്ടം നികത്താന്‍ പ്രത്യേക ഇന്‍സെന്റീവ് നല്‍കണമെന്ന ശിപാര്‍ശ റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം നടപ്പിലാക്കിയ കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്ര പദ്ധതി പ്രിയദർശിനി സ്വകാര്യ ബസ് വ്യവസായത്തെ ബാധിച്ചു.
ബസുടമകൾ പ്രതിഷേധം കടുപ്പിച്ചപ്പോഴാണ് അഞ്ചംഗ വിദഗ്ധസമിതിയെ ഗതാഗത വകുപ്പ് നിയോഗിച്ചത്.
ബസ് ഉടമകൾ പറയുന്നതിനപ്പുറം യഥാർത്ഥ സാമ്പത്തിക നഷ്ടം പഠിക്കുകയായിരുന്നു ലക്ഷ്യം.
തിരുവനന്തപുരം എറണാകുളം കോഴിക്കോട് മേഖലകളിൽ വിദഗ്ധസമിതി സിറ്റിംഗ് നടത്തി.
ബസുടമകൾക്ക് പറയാനുള്ളത് കേട്ടു. സ്വകാര്യ ബസ്സുകളിലും സ്ത്രീ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കി കെഎസ്ആർടിസിക്ക് നൽകുന്നതുപോലെ സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് ബസ് ഉടമകൾ സമിതിയെ അറിയിച്ചു.
ബസ് നിരക്കും, വിദ്യാർത്ഥി കൺസഷനും വർധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. കാര്യമായ സാമ്പത്തിക സഹായം ഉൾപ്പെടുത്തില്ലെങ്കിലും ചെറിയ സഹായം നൽകണമെന്ന ശിപാർശ റിപ്പോർട്ടിലുണ്ടാവും.
വിദഗ്ധസമിതിയെ നിയോഗിച്ച് അൻപതാം ദിവസമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. സെപ്റ്റംബർ 30 വരെയുള്ള ത്രൈമാസക്കാലയളവിലെ നികുതി സ്വകാര്യ ഉടമകൾ അടച്ചിട്ടുണ്ട്.
റിപ്പോർട്ട് വന്നശേഷം സർക്കാർ നിലപാട് അനുസരിച്ച് തുടർ തീരുമാനം എടുക്കുമെന്നാണ് ബസ്സുടമകൾ അറിയിച്ചത്..






