പത്തനംതിട്ട: സംസ്ഥാനത്തെ കെഎസ്ഇബി ഡാമുകളില്‍ ഒരാഴ്ചയ്ക്കിടെ 13 ശതമാനം വെള്ളം കൂടിയെങ്കിലും മുൻവർഷത്തെ അപേക്ഷിച്ച് ജലനിരപ്പ് വളരെ കുറവാണെന്നത് ആശങ്കയ്ക്കിടയാക്കുന്നു.
മഴ കനത്ത ദിവസങ്ങളില്‍ പ്രതിദിനം 4 മുതല്‍ 5 ശതമാനം വരെ വെള്ളം സംഭരണികളില്‍ എത്തിയിരുന്നെങ്കിലും, മഴ കുറഞ്ഞതോടെ നീരൊഴുക്കും മന്ദീഭവിച്ചു.
നിലവില്‍ ദിവസേന ഒരു ശതമാനം വെള്ളം മാത്രമാണ് ഡാമുകളിലേക്ക് എത്തുന്നത്. ശക്തമായ മഴ ലഭിച്ചിട്ടും നിലവിലുള്ള ആകെ സംഭരണശേഷിയുടെ 48 ശതമാനം വെള്ളം മാത്രമാണ് ഡാമുകളിലുള്ളത്. ഇത് മുൻവർഷത്തേക്കാള്‍ 35 ശതമാനം കുറവാണ്.
പ്രധാന ഡാമുകളിലെ ജലനിരപ്പ് പരിശോധിക്കുമ്പോള്‍, സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയില്‍ 46 ശതമാനവും, ശബരിഗിരിയില്‍ 53 ശതമാനവും മാത്രമാണ് വെള്ളമുള്ളത്. കൂടാതെ ഇടമലയാർ (51%), ഷോളയാർ (52%), കുണ്ടള (35%) എന്നിങ്ങനെയാണ് മറ്റ് പ്രധാന പദ്ധതികളിലെ സ്ഥിതി.
ഈ ജലം ഉപയോഗിച്ച് ആകെ 1987.779 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ മാത്രമേ നിലവില്‍ സാധിക്കൂ. കഴിഞ്ഞവർഷം ഇതേ ദിവസം 3154.478 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്ന സ്ഥാനത്താണിത്. പ്രതിസന്ധി മറികടക്കാൻ അതിതീവ്രമല്ലാതെയുള്ള തുടർച്ചയായ മഴ അത്യന്താപേക്ഷിതമാണെന്ന് KSEB അധികൃതർ വ്യക്തമാക്കുന്നു.






