തൊടുപുഴ: ദേശീയതലത്തിൽ വൈദ്യുതി ഉൽപാദനത്തിലും ലഭ്യതയിലും കടുത്ത കുറവ്. ഇതേത്തുടർന്ന് സംസ്ഥാനത്ത് പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര നിർദേശം.
വൈകീട്ട് 6.30 മുതൽ രാത്രി 12 വരെയുള്ള സമയങ്ങളിൽ കേരളത്തിന് ലഭ്യമാകേണ്ട വൈദ്യുതിയിൽ ഏകദേശം 700 മെഗാവാട്ടിന്റെ ദൗർലഭ്യമുണ്ടാകുമെന്നാണ് രാജ്യത്തെ വൈദ്യുത വിതരണ ശൃംഖലയുടെ സുരക്ഷിതവും കാര്യക്ഷമവുമായ പ്രവർത്തനം ഉറപ്പു വരുത്തുന്ന,
ഉൗർജ മന്ത്രാലയത്തിന് കീഴിലുള്ള ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ കെ.എസ്.ഇ.ബി യെ അറിയിച്ചിരിക്കുന്നത്.
രാജ്യത്തുടനീളം കാറ്റിൽ നിന്നുള്ള വൈദ്യുതോത്പാദനത്തിൽ ഏകദേശം 6.5 ജിഗാ വാട്ട് (6500 മെഗാവാട്ട്) കുറവുണ്ടായിട്ടുണ്ട്.
മുൻ ദിവസങ്ങളെ അപേക്ഷിച്ച് സോളാർ വൈദ്യുതി ഇല്ലാത്ത സമയങ്ങളിൽ താപനിലയങ്ങളിൽ നിന്നുള്ള വൈദ്യുതോത്പാദനം 5 ജിഗാ വാട്ട് (5000 മെഗാവാട്ട്) ഇടിഞ്ഞു.
വൈകുന്നേരത്തെ ഉയർന്ന ഉപഭോഗ സമയങ്ങളിൽ ദേശീയതലത്തിൽ ആകെ 12,000 മെഗാവാട്ടിന്റെ കൂറ്റൻ വൈദ്യുതി കമ്മി ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം മുൻ ദിവസങ്ങളേക്കാൾ 1500 മെഗാവാട്ട് അധിക ഡിമാൻഡ് രേഖപ്പെടുത്തിയിട്ടുണ്ട്.
മഴ മാറി ചൂട് കൂടിയതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗവും പീക്ക് ലോഡ് ഡിമാൻഡും കുതിക്കുകയാണ്. 91.55 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉപഭോഗം.
ഇതിൽ 28.33 ദശലക്ഷം യൂനിറ്റ് മാത്രമാണ് ആഭ്യന്തര ഉൽപാദനം. 63.21 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിച്ചു. ഇന്നലെ പീക്ക് ലോഡ് ഡിമാൻഡ് 4759 മെഗാവാട്ടായി ഉയർന്നു.






