കോഴിക്കോട്: കോടഞ്ചേരി നിരന്നപാറയില്‍ ശക്തമായ മണ്ണിടിച്ചില്‍. നിരന്നപാറ റോഡില്‍ മുൻപ് പ്രവർത്തിച്ചിരുന്ന കനിങ്കല്‍ ക്വാറിക്ക് സമീപമാണ് ഉരുള്‍പൊട്ടലിന് സമാനമായ രീതിയില്‍ വലിയ തോതില്‍ മണ്ണ് ഇടിഞ്ഞുവീണത്
മണ്ണിടിച്ചിലിനെ തുടർന്ന് സമീപ പ്രദേശത്തെ ഗണപതി പ്ലാക്കല്‍ ടോം ജോർജിന്റെ ഉള്‍പ്പെടെയുള്ള കർഷകരുടെ ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ ഒലിച്ചുപോയതായി പ്രദേശവാസികള്‍ അറിയിച്ചു. സമീപത്ത് വീടുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
മണ്ണും ചെളിയും റോഡിലേക്ക് ഒഴുകിയെത്തിയതോടെ കോടഞ്ചേരി-നിരന്നപാറ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുന്നതിനാല്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശം നല്‍കിയിട്ടുണ്ട്.






