കോട്ടയം: ഓണസദ്യയ്ക്ക് ആവശ്യമായ സാധനങ്ങളും ബ്രാൻഡഡ് ഉല്‍പ്പന്നങ്ങളും പ്രത്യേക ഗിഫ്റ്റ് കിറ്റുകളുമായി കോട്ടയം തിരുനക്കരയില്‍ സപ്ലൈകോ ഓണം മേളയ്ക്ക് തുടക്കമായി.
അരി, വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി മസാലകള്‍ തുടങ്ങി 21 ഇനങ്ങള്‍ അടങ്ങിയ 1280 രൂപവിലയുള്ള അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്ക് ലഭിക്കും. 25 ഇനങ്ങള്‍ അടങ്ങിയ ഉത്രാടം കിറ്റ് പരമാവധി വില്പന വിലയില്‍ നിന്ന് 380 രൂപ കുറച്ച് 1500 രൂപയ്ക്കും, 30 ഇനങ്ങളുള്ള പ്രീമിയം തിരുവോണം കിറ്റ് 540 രൂപ വിലക്കുറവില്‍ 2000 രൂപയ്ക്കും ലഭിക്കും.
പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞള്‍പ്പൊടി തുടങ്ങി 9 പ്രീമിയം ശബരി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ശബരി സിഗ്നേച്ചർ കിറ്റ് 75 രൂപയിലധികം വിലക്കുറവില്‍ 299 രൂപയ്ക്കാണ് വില്‍ക്കുന്നത്.
സപ്ലൈകോ ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. നാട്ടകം സുരേഷ് എം.എല്‍.എ അദ്ധ്യക്ഷതവഹിച്ചു. കൗണ്‍സിലർ എസ്. ഗോപകുമാർ സമൃദ്ധി കിറ്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.സപ്ലൈകോ മേഖലാ മാനേജർ എം. ജയപ്രകാശ്, ജില്ലാ സപ്ലൈ ഓഫീസർ വി. സുരേഷ്, ടോമി വേദഗിരി, ടി.സി അരുണ്‍, ബാബു കപ്പക്കാലാ എന്നിവർ പ്രസംഗിച്ചു.
പ്രധാന ഉല്‍പ്പന്നങ്ങളുടെ സബ്സിഡി വില
(സബ്സിഡിയില്ലാതെയുള്ള വില ബ്രായ്ക്കറ്റില്‍)
ചെറുപയർ (1കിലോ): 85(103)
ഉഴുന്ന് (1കിലോ): 87(131)
കടല (1 കിലോ): 63(84)
വൻപയർ (1 കിലോ): 68(100)
തുവര പരിപ്പ് (1 കിലോ): 83 (114)
മുളക് (1 കിലോ): 136.50 (268)
മല്ലി (500 ഗ്രാം): 47.25(105)
പഞ്ചസാര (1 കിലോ): 34.65(49)
വെളിച്ചെണ്ണ (1 ലിറ്റർ): 249(270)
ജയ അരി (1 കിലോ): 33(43)
മട്ട അരി (1 കിലോ): 33(42)
പുഴുക്കലരി / പച്ചരി (1 കി.ഗ്രാം): 27






