കോട്ടയം: ജില്ലയിലെ മലയോര മേഖലയില്‍ കാട്ടുപന്നിശല്യംരൂക്ഷം.
രാത്രിയില്‍ ഇവ കൂട്ടത്തോടെ എത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നു.
പന്നികളെ വെടിവച്ചു കൊല്ലാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും ഷൂട്ടര്‍മാരുടെ അഭാവം പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
തെങ്ങ്, കമുക്, വാഴ, കപ്പ, ചേന, ചേമ്പ്, കാച്ചില്, പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് കഴിഞ്ഞ കുറച്ചു നാളുകള്‍ക്കുള്ളില്‍ കാട്ടുപന്നികള്‍ നശിപ്പിച്ചത്.പകല്‍സമയങ്ങളില്‍ കുറ്റിക്കാടുകളിലും കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങളിലും കഴിച്ചുകൂട്ടുന്ന കാട്ടുപന്നികള്‍ രാത്രികാലങ്ങളിലാണ് ജനവാസ മേഖലകളിലും കൃഷിസ്ഥലങ്ങളില്‍ വിഹരിക്കുന്നത്. അര്‍ധരാത്രിമുതല്‍ പുലര്‍ച്ചെവരെ റോഡുകളിലിറങ്ങുന്ന ഇവ കാല്‍നട യാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും ആക്രമിക്കുന്നതു പതിവാണ്.
പ്രളയത്തിനുശേഷം കാട്ടുപന്നികളുടെ ശല്യം കൂടുതല്‍ വര്‍ധിച്ചതായി കര്‍ഷകര്‍ പറയുന്നു. പല പഞ്ചായത്തുകളിലും ആവശ്യത്തിനു ഷൂട്ടര്‍മാരില്ല.
ഇതിനു പുറമെ ജില്ലാതലത്തില്‍ നിന്നും പുതുതായി തോക്കുകള്‍ക്കു ലൈസന്‍സ് അനുവദിക്കുന്നുമില്ല.
നുറൂകണക്കിനു തോക്ക് ലൈസന്‍സ് അപേക്ഷകളാണ് തീരുമാനമാകാതെ ജില്ലയില്‍ കെട്ടിക്കിടക്കുന്നത്.
കാട്ടുപന്നിശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കാടുപിടിച്ചു കിടക്കുന്ന ഭൂമി വൃത്തിയാക്കി സോളാര്‍ വേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കര്‍ഷകരുടെ സുരക്ഷയും കാര്‍ഷിക മേഖലയുടെ സംരക്ഷണവും ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി പദ്ധതി പ്രഖ്യാപിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്






