കോട്ടയം: ആകമാന സുറിയാനി സഭയുടെ അധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മണർകാട് വിശുദ്ധ മർത്തമറിയം
യാക്കോബായ സുറിയാനി കത്തീഡ്രല്‍ സന്ദർശനവും നാളെത്തെ വിശുദ്ധ കുർബാനയും തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികള്‍ കോടതി തള്ളി.
നാളെ രാവിലെ പാത്രിയർക്കീസ് ബാവായുടെ മുഖ്യകാർമ്മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഇതോടെ നിയമപരമായ തടസങ്ങളില്ലാതായി.
കോട്ടയം സബ് കോടതിയിലും കേരള ഹൈക്കോടതിയിലുമാണ് സന്ദർശനം തടയണമെന്നാവശ്യപ്പെട്ട് ഹർജികള്‍ നല്‍കിയിരുന്നത്.
എന്നാല്‍, 13-ന് ഇരു കോടതികളും പുറപ്പെടുവിച്ച ഉത്തരവുകളില്‍ പാത്രിയർക്കീസ് ബാവായുടെ സന്ദർശനത്തിന് യാതൊരുവിധ നിരോധനവും ഏർപ്പെടുത്തിയിട്ടില്ല.
കോട്ടയം സബ് കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍, വാകത്താനം സ്വദേശി ലൈജു മർക്കോസ് സമർപ്പിച്ച ഇൻജങ്ഷൻ അപേക്ഷയും കേസ് നേരത്തെ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള അഡ്വാൻസ് അപേക്ഷയും കോടതി തള്ളിക്കളഞ്ഞു.
ഇരുഭാഗത്തിന്റെയും വാദം വിശദമായി കേട്ട ശേഷമായിരുന്നു സബ് കോടതിയുടെ ഉത്തരവ്.
മണർകാട് പള്ളിക്കുവേണ്ടി അഡ്വക്കേറ്റുമാരായ അനില്‍ ഡി. കർത്താ, പി.ജെ. ഫിലിപ്പ്, ബോബി ജോണ്‍ എന്നിവർ ഹാജരായി.
പാത്രിയർക്കീസ് ബാവാ മണർകാട് ഉള്‍പ്പെടെയുള്ള ദേവാലയങ്ങളില്‍ പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് വി.വി. മാത്യു, സന്തോഷ് ജോർജ് എന്നിവർ നല്കിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കേസുമായി ബന്ധപ്പെട്ട തുടർനടപടികള്‍ക്കായി ഹർജി നവംബർ 23-ന് വീണ്ടും പരിഗണിക്കും.
കോടതി ഉത്തരവുകളെ തെറ്റായി വ്യാഖ്യാനിച്ച് നവമാധ്യമങ്ങളിലൂടെ ചിലർ വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നതായി പള്ളി അധികൃതർ ചൂണ്ടിക്കാട്ടി.






