കോട്ടയം: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 1 മുതൽ കോട്ടയം നഗരസഭാ പരിധിയിലെ തെരുവോര കച്ചവടങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു.
തെരുവോര കച്ചവടങ്ങൾ നിയന്ത്രിക്കുന്നതും നഗരസഭാ പരിധിയിലെ സാമൂഹ്യ വിരുദ്ധരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ യോഗം ഇന്ന് (20/07/2026) ഉച്ചയ്ക്ക് 2.30 ന് നഗരസഭാ ചെയർപേഴ്സൺ എം.പി. സന്തോഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
കോട്ടയം നഗരസഭ പരിധിയിൽ കച്ചവടം നടത്തുന്ന നൈറ്റ്കടകൾക്ക് രാത്രി 8 മണി മുതൽ 12 മണി വരെയും, ബജ്ജിക്കടകൾക്ക് വൈകുന്നേരം 4 മണി മുതൽ 8 വരെയും മാത്രമേ പ്രവർത്തിക്കാവൂ എന്നും ഇത് മുൻകാലങ്ങളിലെ പ്രവർത്തന സമയമാണെന്നും തീരുമാനിച്ചു.
തെരുവോര കച്ചവടം ഫോർ വീലർ വണ്ടിയിൽ മാത്രമേ ക്രമീകരിക്കാവൂ ഇതിന് മറ്റ് ചാർത്തുകളോ, പടുതാകളോ പാടില്ല. അതാത് ദിവസം കച്ചവടത്തിന് ശേഷം വണ്ടി ഫുട്പാത്തിൽ നിന്നും മാറ്റേണ്ടതാണ്.
കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാകുന്ന വിധത്തിൽ ഫുട്പാത്തുകളിൽ തെരുവോരകച്ചവടം അനുവദിക്കുവാൻ ഹൈക്കോടതി, സുപ്രീംകോടതി വിധിപ്രകാരം സാധിക്കുന്നതല്ല.
നിരോധിക്കപ്പെട്ട മുറുക്കാൻ, ഹാൻസ് തുടങ്ങിയവയുടെ കച്ചവടം അനുവദിക്കുന്നതല്ല. സൗജന്യമായി നഗരത്തിൽ ഭക്ഷണം നൽകുന്നവരെ നിയന്ത്രിക്കുന്നതിനും ആയതിനായി പൊതുഇടം സജ്ജമാക്കി നൽകുന്നതാണെന്നും തീരുമാനിച്ചു.
തിരുനക്കര മൈതാനം, നാഗമ്പടംബസ് സ്റ്റാൻഡ്, നെഹ്റു സ്റ്റേഡിയം, തിരുനക്കര ക്ഷേത്രമൈതനം എന്നിവിടങ്ങളിൽ തമ്പടിച്ചിരിക്കുന്ന സാമൂഹ്യവിരുദ്ധരെയും, യാചകരെയും പോലീസുമായി ചേർന്ന് ഒഴിപ്പിക്കുന്നതിന് തീരുമാനിച്ചതായി നഗരസഭാ ചെയർപേഴ്സൺ എം.പി.സന്തോഷ്കുമാർ അറിയിച്ചു.
യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ഷീബാ പുന്നൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഗോപകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ.പ്രസാദ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലി മാത്യു കൌൺസിൽ അംഗങ്ങളായ സി.എൻ.സത്യനേശൻ, ടി.എൻ.ഹരികുമാർ, നഗരസഭാ സെക്രട്ടറി ബി.അനിൽകുമാർ, ക്ലീൻ സിറ്റിമാനേജർ തങ്കം ടി.എ, വെസ്റ്റ് പോലീസ് എസ്.ഐ. അജയ് റ്റി.സി, ഈസ്റ്റ് പോലിസ് എസ്.ഐ ബോബി എബ്രാഹം, ഗാന്ധിനഗർ പോലിസ് എസ്.ഐ പ്രശാന്ത് എം.ബി, ഡെപ്യൂട്ടി തഹസിൽദാർ നാരായണൻകുട്ടി, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ സിജു ബെൻ, ഡി.എം.ഒ.യുടെ പ്രതിനിധികളായ ഡോ.സിതാര വൈ, ഡോ.ആശ, പി.ഡബ്ലൂ.ഡിറോഡ്സിന് വേണ്ടി അസി.എക്സി.എഞ്ചിനീയർ സീമ സി.എസ് എന്നിവർ പങ്കെടുത്തു.






