കോട്ടയം: നാഗമ്പടത്ത് നഗരസഭാ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഫിഷ് ഗ്യാലക്സി ഹോട്ടലാക്കാൻ ശ്രമിച്ചതിന് പിന്നിൽ 17 ലക്ഷം രൂപയുടെ അഴിമതി ആരോപണം.
ഹെഡ് ഓഫിസിന്റെ അനുമതിയില്ലാതെ സീ ഫൂഡ് റസ്റ്ററന്റ് തുടങ്ങാൻ നിർമാണപ്രവർത്തനങ്ങള്‍ നടത്തിയതാണ് സ്നമായത്. മത്സ്യഫെഡ് ജില്ലാ ഓഫിസ് 17 ലക്ഷം രൂപ ചെലവഴിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചു.
ലക്ഷങ്ങള്‍ വെള്ളത്തിലായതിന് പുറമേ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന 'ഫിഷ് ഗാലക്സി' അക്വേറിയവും പൂർണമായി നഷ്ടപ്പെട്ട അവസ്ഥയിലാണ്.
മുൻ മന്ത്രി സജി ചെറിയാനുമായി അടുത്ത ബന്ധമുള്ള ചില ഉദ്യോഗസ്ഥരാണ് നാഗമ്പടത്തെ ഈ ഹോട്ടല്‍ പദ്ധതിക്ക് പിന്നിലെന്നാണ് പ്രധാന ആരോപണം.
നാഗമ്പടത്ത് നഗരസഭയുടെ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഫിഷ് ഗാലക്സി അക്വേറിയവും കെട്ടിടവും രൂപമാറ്റം വരുത്തിയാണ് ഹോട്ടലാക്കാൻ ശ്രമിച്ചത്. എന്നാല്‍ തിരുവനന്തപുരത്തെ മത്സ്യഫെഡ് ആസ്ഥാനത്ത് നിന്ന് ഇതിന് അനുമതി ലഭിച്ചിരുന്നില്ല.
നഗരസഭയുമായുള്ള കരാർ പ്രകാരം അക്വേറിയം അല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഈ സ്ഥലം ഉപയോഗിക്കാൻ പാടില്ല. മത്സ്യഫെഡിന്റെ ഓഡിറ്റ് റിപ്പോർട്ടിലും ഈ കരാർ ലംഘനം ചൂണ്ടിക്കാണിച്ചിരുന്നു.
താല്‍ക്കാലിക അനുമതിയുണ്ടെന്ന വിശദീകരണത്തോടെ നിർമാണം തുടർന്നു. കെട്ടിട നിർമാണത്തിനായി 17 ലക്ഷം രൂപ ചെലവഴിച്ചതില്‍ 10 ലക്ഷം രൂപ കരാറുകാരന് നല്കി. ബാക്കി 7 ലക്ഷത്തിന്റെ ബില്ലുകള്‍ സമർപ്പിച്ചെങ്കിലും ഹെഡ് ഓഫിസ് ഫയല്‍ തടഞ്ഞുവെക്കുകയായിരുന്നു.
2018-ലെ പ്രളയത്തില്‍ തകർന്നതിനെ തുടർന്ന് അടച്ചിട്ട അക്വേറിയം ഭൂമി തിരിച്ചുപിടിക്കാൻ കോട്ടയം നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. മൂന്നുതവണ ഹോട്ടലിനായി അപേക്ഷ നല്‍കിയെങ്കിലും കരാർ ലംഘനം ചൂണ്ടിക്കാട്ടി നഗരസഭ അത് തള്ളുകയായിരുന്നു.
നഗരസഭ സ്ഥലം ഏറ്റെടുക്കാൻ നടപടി തുടങ്ങിയതോടെയാണ് മത്സ്യഫെഡ് അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം, നഗരസഭയുടെ നീക്കം തടയാനായി അക്വേറിയത്തിന് മുന്നിലെ കാടുകള്‍ വെട്ടിത്തെളിച്ച് തിരക്കിട്ട നവീകരണ ശ്രമങ്ങള്‍ ജില്ലാ ഓഫിസ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പുറത്തുവരുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് മത്സ്യഫെഡ് ജില്ലാ ഓഫിസ് അധികൃതരുടെ വിശദീകരണം.






