കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷനിൽ പുതുതായി നാലു ലിഫ്റ്റുകൾ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എംപി. സ്റ്റേഷനിൽ പുതുതായി നിർമിച്ച മേൽപ്പാലത്തിൽ ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ എന്നിവ ഉണ്ടായിരുന്നില്ല. ഇത് പ്രായമായ യാത്രക്കാർ, ഭിന്നശേഷിക്കാർ, ഗര്‍ഭിണികൾ, രോഗികൾ, കുട്ടികൾ എന്നിവർക്ക് വലിയ പ്രയാസം ഉണ്ടാക്കിയിരുന്നു.
ഇത്തരക്കാർ സ്റ്റേഷന്റെ അകത്തുകയറി ടിക്കറ്റ് എടുത്തതിന് ശേഷം വീണ്ടും സ്റ്റേഷന്റെ മുൻഭാഗത്ത് പുറത്തുവന്ന് മേല്‍പ്പാലത്തില്‍ കയറി വേണം രണ്ടു മുതൽ അഞ്ചു വരെയുള്ള പ്ലാറ്റ് ഫോമുകളിലേക്ക് പോകേണ്ടിയിരുന്നത്.
നാലു ലിഫ്റ്റ് സ്ഥാപിക്കുന്നതോടെ തിരുവനന്തപുരം ഭാഗത്തും എറണാകുളം ഭാഗത്തും രണ്ട് മേല്പ്പാലങ്ങളില്നിന്നും എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും ലിഫ്റ്റിൽ ഇറങ്ങാനും കയറാനും സാധിക്കും. അതേസമയം കോട്ടയം റെയിൽവേ സ്റ്റേഷനുമായും മറ്റ് സ്റ്റേഷനുകളുമായും ബന്ധപ്പെട്ട പ്രശ്നങ്ങളും ട്രെയിനുകളും സ്റ്റോപ്പുകളും അനുവദിക്കുന്ന കാര്യവും കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പ്രശ്നപരിഹാരത്തിനായി നിരന്തരം സമ്മർദം ചെലുത്തുമെന്നും ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു.






