കോട്ടയം: കോടികൾ ചെലവഴിച്ച് നിർമ്മിച്ച കോട്ടയം ജില്ലാ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിൽ നിർമ്മാണത്തിലെ വീഴ്ചയെന്ന് ആരോപണം. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം തികയും മുൻപേ കെട്ടിടം ചോർന്നൊലിച്ചതിനെ തുടർന്ന് സെർവർ റൂമിലടക്കം വെള്ളം കയറി ബാങ്കിംഗ് സേവനങ്ങൾ രണ്ട് ദിവസത്തോളം തടസപ്പെട്ടു.
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനോട് ചേർന്ന് നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിലാണ് ഡക്ട് വഴി വെള്ളം കെട്ടിടത്തിനുള്ളിലേക്ക് കയറിയത്. ഇതോടെ സെർവർ റൂമിലെ സംവിധാനങ്ങൾ തകരാറിലാവുകയും ബാങ്കിംഗ് പ്രവർത്തനങ്ങൾ നിലയ്ക്കുകയും ചെയ്തു.
തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ഇടപാടുകൾ പൂർണമായും തടസപ്പെട്ടത്. പണം പിൻവലിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി എത്തിയ പോലീസ് ഉദ്യോഗസ്ഥരും പെൻഷൻകാരും കുടുംബാംഗങ്ങളും ബുദ്ധിമുട്ടിലായി.
അതേസമയം, സാങ്കേതിക തകരാറാണെന്ന് പറഞ്ഞ് സംഭവം മറച്ചുവയ്ക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്. ബാങ്കിലെത്തിയ പോലീസ് അസോസിയേഷൻ മുൻ ഭാരവാഹികൾ ജീവനക്കാരോട് അന്വേഷിച്ചതോടെയാണ് ചോർച്ചയുടെ വിവരം പുറത്തുവന്നത്.
വെള്ളം കയറിയതിനെ തുടർന്ന് ഇലക്ട്രിക്കൽ സംവിധാനങ്ങൾ, നെറ്റ്വർക്കിംഗ് സംവിധാനം, ഇന്റർകോം ഉൾപ്പെടെയുള്ള ടെലിഫോൺ സംവിധാനങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതായാണ് വിവരം. അടിയന്തര സാഹചര്യങ്ങളിൽ സേവനം പുനഃസ്ഥാപിക്കാൻ ആവശ്യമായ ബദൽ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ലെന്നാണ് പരാതി.
ചികിത്സാ ആവശ്യങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര കാര്യങ്ങൾക്കായി പണം പിൻവലിക്കാനെത്തിയവർ നീണ്ട മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് മടങ്ങിയതെന്ന് ഉപഭോക്താക്കൾ ആരോപിച്ചു.
പോലീസ് ഉദ്യോഗസ്ഥരുടെ അധ്വാനത്തിൽ നിന്നുള്ള പണം ഉപയോഗിച്ച് നിർമ്മിച്ച 6.76 കോടി രൂപയുടെ കെട്ടിടത്തിൽ ഒരു വർഷത്തിനുള്ളിൽ തന്നെ ചോർച്ചയുണ്ടായത് നിർമ്മാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയാണ്. നിർമ്മാണത്തിൽ അഴിമതിയും ധൂർത്തും നടന്നിട്ടുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.






