കോട്ടയം : വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ വിധിച്ച നഷ്ടപരിഹാര തുക അടച്ചുതീര്‍ക്കാത്തതിനെ തുടര്‍ന്ന് യുവാവിന് 90 ദിവസത്തെ തടവുശിക്ഷ വിധിച്ചു. വൈക്കം പൊളശ്ശേരി ഭാഗത്ത് കോഴിക്കോട്ട് വീട്ടില്‍ 23കാരനായ ബിബിന്‍ ബാബുവിനെയാണ് കോട്ടയം എം.എ.സി.ടി ട്രിബ്യൂണല്‍ ജഡ്ജി പ്രസൂണ്‍ മോഹന്‍ ശിക്ഷിച്ചത്.
ഇയാൾ ഓടിച്ച വാഹനം ഇടിച്ച് പരുക്കേറ്റ വയോധികന് മൂന്നര ലക്ഷം രൂപയും രണ്ടര വയസ്സുകാരന് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്കാന് കോട്ടയം എം.എ.സി.ടി ട്രിബ്യൂണല്‍ 2025 ജനുവരി 27-ന് വിധിച്ചിരുന്നു. എന്നാല്‍ കോടതി വിധി വന്നിട്ടും തുക അടച്ചുതീര്‍ക്കാന്‍ തയ്യാറാകാതെ യുവാവ് മാറി നടക്കുകയായിരുന്നു.
2019 നവംബര്‍ 11ന് വൈകിട്ട് 5.15ന് വൈക്കം മുരിയന്‍കുളങ്ങര റോഡിലായിരുന്നു അപകടം. കാല്‍നടയാത്രക്കാരനായ വയോധികനെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ടര വയസ്സുകാരന് പേരക്കുട്ടിയെയും ബിബിന്‍ ബാബു ഓടിച്ച സ്കൂട്ടര്‍ ഇടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. അപകടസമയത്ത് 17 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഇയാള്‍ ഡ്രൈവിങ് ലൈസന്‍സോ ഇന്‍ഷുറന്‍സ് പരിരക്ഷയോ ഇല്ലാതെയാണ് വാഹനമോടിച്ചിരുന്നത്.
കോടതി വിധി വന്നിട്ടും നഷ്ടപരിഹാരം നൽകാതെ മുങ്ങിനടന്ന ഇയാളെ കണ്ടെത്തുന്നതിനായി കോടതി ആമീന്‍ പലതവണ വീട്ടിലെത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് കോടതി കര്‍ശന നടപടിയിലേക്ക് കടന്നതും 90 ദിവസത്തെ തടവുശിക്ഷ വിധിച്ചതും. തടവുശിക്ഷയ്ക്ക് പുറമേ, ട്രിബ്യൂണല്‍ വിധിച്ച നഷ്ടപരിഹാര തുകയും നാളിതുവരെയുള്ള പലിശയും ഉള്‍പ്പെടെയുള്ള തുക ഈടാക്കുന്നതിനും വിധി നടപ്പാക്കുന്നതിനുമുള്ള തുടര്‍നടപടികള്‍ തുടരും.






