കോട്ടയം : കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജിലെ പുതിയ സർജിക്കല്‍ ബ്ലോക്ക് കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണ സംഭവത്തില്‍ സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. 270 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ നിർമ്മാണത്തില്‍ വലിയ ക്രമക്കേടുകളും അഴിമതിയുമാണ് നടന്നിട്ടുണ്ടെന്നാണ് ആക്ഷേപമുയരുന്നത്.
മൂന്നുദിവസം മുൻപ് റെറ്റിന പരിശോധനാ മുറിക്ക് സമീപമാണ് സംഭവം. സീലിങ്ങിന്റെ ഭാഗങ്ങള്‍ താഴേക്ക് പതിച്ചതോടെ സമീപത്തുണ്ടായിരുന്ന രോഗികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം മാസം തന്നെ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ തകരാൻ തുടങ്ങിയത് അതീവ ഗുരുതരമായ വിഷയമാണെന്നാണ് ആരോപിക്കപ്പെടുന്നത്.
കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ സീലിങ് അടർന്നുവീഴുന്നതായും വെള്ളം ചോരുന്നതായും പരാതികള്‍ ഉയർന്നിരുന്നു. ഏപ്രിലില്‍ കെട്ടിടത്തിന്റെ മുകള്‍ഭാഗത്തുനിന്ന് സിമന്റ് ഭാഗങ്ങള്‍ അടർന്നുവീണ് പാർക്ക് ചെയ്തിരുന്ന ഡോക്ടറുടെ കാറിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. സീലിങ്, ജലവിതരണ സംവിധാനം, ഫാനുകള്‍ ഉള്‍പ്പെടെയുള്ള വൈദ്യുത ഉപകരണങ്ങള്‍ എന്നിവ സംബന്ധിച്ചും വ്യാപക പരാതികളുണ്ടായിരുന്നു.
ആശുപത്രിയിലെ പല ശൗചാലങ്ങളിലും ചോർച്ചയുള്ളതായും രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. നിർമാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്നും മെഡിക്കല്‍ കോളജ് ആരംഭിച്ച കാലഘട്ടത്തില്‍ നിർമിച്ച കെട്ടിടങ്ങള്‍ക്ക് ഇതുവരെ ചോർച്ചയുണ്ടായിട്ടില്ലെന്നും ചികിത്സയില്‍ കഴിയുന്ന രോഗികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവത്തിന് ഉത്തരവാദികളായ കുറ്റക്കാരെ ഉടൻ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും, വിഷയം വരും ദിവസങ്ങളില്‍ സംസ്ഥാന നിയമസഭയില്‍ ഉന്നയിക്കുമെന്നും നാട്ടകം സുരേഷ് എംഎല്‍എ വ്യക്തമാക്കി.






