മുട്ടമ്പലം : "എന്റെ സിനിമയിൽ വയലാറിനെക്കൊണ്ട് പാട്ടെഴുതിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ ദുഃഖം. ഇന്നും ആ പാട്ടുകൾ അനുസ്മരിക്കാൻ നമുക്ക് കഴിയുന്നുണ്ടെങ്കിൽ വയലാറിന് ഒരു പുതിയ ജന്മം ലഭിക്കാനുള്ള ആവേശമുണ്ട് എന്നാണ് അതിനർത്ഥം," എന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജയരാജ് പറഞ്ഞു.

മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയിൽ (എംഎംപിഎൽ) സംഘടിപ്പിച്ച വയലാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ആളുകൾ പങ്കെടുത്ത ചടങ്ങിൽ കവി ഹരിയേറ്റുമാനൂർ പ്രധാന പ്രഭാഷണം നടത്തി.
മുൻ കൗൺസിലർ പിഡി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ലൈബ്രറി സെക്രട്ടറി ശ്യാം കുമാർ സ്വാഗതവും ലൈബ്രറിയൻ ബാബു കെ നന്ദിയും പറഞ്ഞു.
അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് എംഎംപിഎൽ പാട്ടുകൂട്ടം ഗാനങ്ങളും കവിതകളും യോഗത്തിൽ അവതരിപ്പിച്ചു.






