കോട്ടയം : പാത ഇരട്ടിപ്പിക്കലിനായി റെയിൽവേ ഏറ്റെടുത്ത ഭൂമിയുടെ പണം നഗരസഭയ്ക്ക് നൽകാൻ കോടതി ഉത്തരവായി. 8.19 കോടി രൂപയാണ് 7 വർഷത്തെ കാത്തിരിപ്പിനുശേഷം നഗരസഭയ്ക്ക് സ്വന്തമാകുന്നത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള 7 സർവേ നമ്പറുകളിൽപെട്ട 65 സെന്റ് സ്ഥലം ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരത്തുക 2019ലാണ് റെയിൽവേ അനുവദിച്ചത്.
എന്നാൽ, നഗരസഭയ്ക്ക് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന മതിയായ രേഖകൾ ഹാജരാക്കാൻ കഴിയാതെ വന്നതോടെ പണം പിന്നീട് കോടതിയിൽ കെട്ടിവയ്ക്കുകയായിരുന്നു. തുടർന്നു കൈവശാവകാശ രേഖകൾ ഹാജരാക്കിയതിന്റെയും തുടർവാദങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ അഡിഷനൽ ഡിസ്ട്രിക്ട് കോടതി (സ്പെഷൽ)യിൽ നിന്ന് അനുകൂലവിധി ഉണ്ടായത്. അനുവദിച്ച തുക അക്കൗണ്ടിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ നഗരസഭ, കോടതിയിൽ സമർപ്പിച്ചു.
എന്നാൽ, വിപണിമൂല്യം അനുസരിച്ചുള്ള കൂടിയ തുക കിട്ടണമെന്ന മറ്റൊരു ഹർജിയും നിലവിലുണ്ട്. റെയിൽവേ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകൾ ആധാരവും ഉടമസ്ഥാവകാശ രേഖകളും ഹാജരാക്കുമ്പോഴാണ് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് ലഭിക്കുക. ഇത് ഹാജരാക്കാൻ കഴിയാതെ വന്നാൽ സ്ഥലം ഏറ്റെടുപ്പ് നടപടി മുടങ്ങാതിരിക്കാൻ തുക കോടതിയിൽ കെട്ടിവയ്ക്കും. ഇതിനുശേഷം സ്ഥലം ഏറ്റെടുത്ത് റെയിൽവേക്കു കൈമാറും. ഉടമകൾ രേഖകൾ കോടതിയിൽ ഹാജരാക്കുന്ന മുറയ്ക്ക് നഷ്ടപരിഹാരത്തുക ഏറ്റുവാങ്ങാം. സ്ഥലം ഏറ്റെടുക്കൽ വിഷയവുമായി ബന്ധപ്പെട്ട കേസുകളിൽ ആദ്യം മുതൽ നഗരസഭയ്ക്കു വേണ്ടി ഹാജരായത് അഡ്വ.കുരുവിള ജേക്കബ് ആണ്.





