കോട്ടയം: മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നടപ്പാക്കുന്ന ഗോൾഡൻ അവർ ഇനിഷ്യേറ്റീവിന് സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷന്റെ സി.എസ്.ആർ. ഫണ്ടിൽ നിന്ന് 94.17 ലക്ഷം രൂപ അനുവദിച്ചു. പദ്ധതിയുടെ ആദ്യ ഗഡുവായ 47,08,803 രൂപ നാട്ടകം സുരേഷ് എം.എൽ.എയും ആശുപത്രി വികസന സമിതി ചെയർമാനായ ജില്ലാ കളക്ടർ ചേതൻകുമാർ മീണയും ചേർന്ന് വെയർഹൗസിംഗ് കോർപ്പറേഷന്റെ കൊച്ചി റീജിയണൽ മാനേജർ ജി.എസ്.ആർ. സുന്ദരമൂർത്തിയിൽ നിന്ന് ഏറ്റുവാങ്ങി.
പൊതുജനാരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും തീവ്രപരിചരണ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് സി.എസ്.ആർ. ഫണ്ടിലൂടെ സഹായം അനുവദിച്ചതെന്ന് ജി.എസ്.ആർ. സുന്ദരമൂർത്തി പറഞ്ഞു. അടിയന്തര ചികിത്സാ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് പദ്ധതി നിർണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടയം മെഡിക്കൽ കോളജിൽ ഗോൾഡൻ അവർ ഇനിഷ്യേറ്റീവ് നടപ്പാക്കുന്നതിനുള്ള പദ്ധതി അസാപ് കേരളയാണ് തയ്യാറാക്കിയത്. അത്യാധുനിക ചികിത്സാ ഉപകരണങ്ങൾ ഉൾപ്പെടെ സജ്ജീകരിച്ച് തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.ജി. തോമസ് ജേക്കബ്, എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. കെ.എസ്. ശാന്തി, അസാപ് കേരള മാനേജർ കെ. ശ്രീജിത്ത്, വെയർഹൗസിംഗ് കോർപ്പറേഷന്റെ എച്ച്.ആർ. വിഭാഗം മേധാവി എസ്. രചന, ബിജു ഗോപാൽ എന്നിവർ പങ്കെടുത്തു.






