വൈക്കം : പുഴകളിലും തോടുകളിലും ജലനിരപ്പ് കുറഞ്ഞു. ഒപ്പംതന്നെ മഴയൊഴിഞ്ഞ ശനിയാഴ്ചത്തെ പകലും ദുരിതബാധിതർക്ക് ആശ്വാസമാകുന്നു. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് കുറഞ്ഞതോടെ ചെമ്പ്, മറവൻതുരുത്ത്, വെള്ളൂർ, മുളക്കുളം, ഉദയനാപുരം, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ ജനങ്ങളുടെ വെള്ളപ്പൊക്ക ദുരിതത്തിന് ശമനമായി.
കരിയാറിലും കെവി കനാലിലും കടുത്തുരുത്തി വലിയത്തോട്ടിലും ചുള്ളിത്തോട്ടിലും കണിയാംതോടും പെരിഞ്ചില തോടും ഉൾപ്പെടെ വിവിധയിടങ്ങളിലെ തോടുകളിലെയും ജലനിരപ്പ് കുറയാൻ തുടങ്ങിയത് കടുത്തുരുത്തി, കല്ലറ, വെച്ചൂർ, തലയാഴം, മാഞ്ഞൂർ, വൈക്കം നഗരസഭ എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക ബാധിതർക്ക് ആശ്വാസമായി.
പലയിടത്തും വെള്ളക്കെട്ടും വെള്ളപ്പൊക്കത്തിനും കാരണമായത് തോടുകൾ ആഴംകൂട്ടി വൃത്തിയാക്കാത്തതാണെന്ന് വൈകിയാണെങ്കിലും അധികാരികൾക്ക് മനസ്സിലായതായി ജനപ്രതിനിധികൾ തന്നെ സമ്മതിക്കുന്നുണ്ട്. മഴക്കാലപൂർവ മുന്നൊരുക്കമെന്ന പേരിൽ നടത്തുന്ന പ്രവർത്തനങ്ങളൊന്നും കാര്യക്ഷമമാകുന്നില്ലെന്നാണ് ദുരിതമനുഭവിക്കുന്ന ജനങ്ങൾ പറയുന്നത്. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടതാണ് പലയിടത്തും ജലനിരപ്പ് ഉയരാനും വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറാനും ഇടയാക്കിയതെന്നും ആരോപണമുണ്ട്.
അവസാനിമിഷം യന്ത്രങ്ങൾ ഉപയോഗിച്ച് തോടുകളും മാലിന്യം നിറഞ്ഞ പ്രദേശങ്ങളും വൃത്തിയാക്കാൻ അധികൃതരെത്തിയത് മുൻകൂട്ടി ചെയ്തിരുന്നെങ്കിൽ വെള്ളപ്പൊക്ക കെടുതികളുടെ തീവ്രത കുറയ്ക്കാനാകുമായിരുന്നെന്നും ജനങ്ങൾ പറയുന്നു. 21 ദുരിതാശ്വാസ ക്യാമ്പുകളിൽ അഞ്ച് ക്യാമ്പുകൾ ശനിയാഴ്ച വൈകീട്ടോടെ പിരിച്ചുവിട്ടു. 16 ദുരിതാശ്വാസ ക്യാമ്പുകളിലായി 1598 കുടുംബങ്ങളിൽ നിന്നുള്ള 3150 പേരാണ് നിലവിൽ കഴിയുന്നത്.






