കോട്ടയം : വൈക്കം, പൂത്തോട്ട പാലത്തിന് സമീപത്തെ കള്ളുഷാപ്പിൽ ബീഹാർ സ്വദേശിയായ തൊഴിലാളിയെ വധിക്കാൻ ശ്രമം. സംഭവത്തിൽ മൂന്ന് പ്രതികളെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 6ന് വൈകിട്ട് ചെമ്പ് വില്ലേജിലെ പൂത്തോട്ട പാലത്തിന് സമീപം പ്രവർത്തിക്കുന്ന കള്ളുഷാപ്പിലാണ് സംഭവം. ബീഹാർ സ്വദേശി സീതാറാം സാഹ്നി(33)യെ ആണ് പ്രതികൾ ആക്രമിച്ചത്. സംഭവത്തിൽ മുളംതുരുത്തി പെരുമ്പള്ളി സ്വദേശികളായ പ്രവീൺ, അർജുൻ തെക്കൻ പറവൂർ ചക്കുളം സ്വദേശിയായ അഭിലാഷ് എന്നിവരാണ് പിടിയിലായത്.
സീതാറാം കള്ളുഷാപ്പിൽ ഇരിക്കുമ്പോൾ പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഗ്ലാസ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തു. പിന്നാലെ പരിക്കേറ്റ് പുറത്തേക്ക് ഓടിയ സീതാറാമിനെ പ്രതികൾ തടഞ്ഞു നിർത്തുകയും പ്രതികളിലൊരാളായ അർജുൻ കൈവശമുണ്ടായിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സീതാറാമിന്റെ വയറ്റിൽ കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.
തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി കെഎം സാബു മാത്യു ഐപിഎസിന്റെ നിർദ്ദേശാനുസരണം ഡിവൈഎസ്പി കെ സജീവിന്റെയും കല്ലറ പോലീസ് ഇൻസ്പെക്ടർ ധനപാലൻ കെയുടെയും മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. വൈക്കം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മനോജ് പിവിയുടെ നേതൃത്വത്തിൽ സിപിഒമാരായ മധു, അനീഷ്, സാം, വിപിൻ എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തി.
അന്വേഷണത്തിന്റെ ഭാഗമായി കള്ളുഷാപ്പിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും, മുഖേന ആക്രമണത്തിൽ പങ്കെടുത്തവർ പ്രവീൺ, അർജുൻ, അഭിലാഷ് എന്നിവരാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞു. സംഭവത്തിനു ശേഷം ഒളിവിൽ പോയ അർജുനെ അന്വേഷണസംഘം തമിഴ്നാട്ടിലെ ഊട്ടി ടൗണിൽ നിന്ന് ജൂലൈ 10ന് പിടികൂടി. ഒന്നാം പ്രതിയായ പ്രവീണിനെ മുളംതുരുത്തി പെരുമ്പള്ളിയിലെ വീട്ടിൽ നിന്നും, മൂന്നാം പ്രതിയായ അഭിലാഷിനെ തെക്കൻ പറവൂർ ചക്കുളത്തെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പ്രതികൾ.






