ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി മുനിസിപ്പൽ ആർക്കേഡിൽ വടിവാളുമായി എത്തി ആളുകളെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ ആറുപേർക്കെതിരെ ചങ്ങനാശ്ശേരി പോലീസ് കേസെടുത്തു. കേസിലെ പ്രതികളിലൊരാളും ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളുമായ മുഹമ്മദ് അമീൻ അറസ്റ്റിലായി. ഇയാളെ നവംബർ 21ന് പാറപ്പള്ളി ഭാഗത്തുനിന്ന് പിടികൂടി. തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2026 സെപ്റ്റംബർ 14ന് വൈകിട്ട് ഏഴുമണിയോടെ ചങ്ങനാശ്ശേരി മുനിസിപ്പൽ ആർക്കേഡിൽ പ്രവർത്തിക്കുന്ന മൊബൈൽ കഫേ എന്ന മൊബൈൽ കടയുടെ മുൻവശത്താണ് സംഭവം. വടിവാളുകളുമായി എത്തിയ പ്രതികൾ ആയുധങ്ങൾ അന്തരീക്ഷത്തിൽ ചുഴറ്റി കടയിലും പരിസരത്തുമുണ്ടായിരുന്ന ആളുകളെ ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായാണ് പരാതി.
സംഭവമറിഞ്ഞ് പെട്രോളിംഗ് നടത്തുകയായിരുന്ന ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷാജിമോൻ സികെയും സംഘവും സ്ഥലത്തെത്തിയെങ്കിലും പ്രതികൾ രണ്ട് ഇരുചക്രവാഹനങ്ങളിലായി രക്ഷപ്പെട്ടു. സാജു ജോജോ(32), സാവിയോ സെബാസ്റ്റ്യൻ എന്നിവരടക്കം കണ്ടാൽ അറിയാവുന്ന ആറുപേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കൂട്ടമായി അക്രമം നടത്തുക, ആയുധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുക, പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങൾക്കും ആംസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.





