ഉദയനാപുരം : കടവൻപള്ളി ഭാഗത്തെ കക്ക സംസ്കരണ കേന്ദ്രത്തിൽ നിന്ന് ഒരു ടണ്ണോളം മല്ലിക്കക്ക പിടികൂടി. സംഭവത്തിൽ ഫിഷറീസ് വകുപ്പ് അധികൃതർ നടപടിയെടുത്തു. കേരള ഉൾനാടൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ട് പ്രകാരം ബന്ധപ്പെട്ടവരിൽ നിന്ന് പിഴ ഈടാക്കി.
ശരിയായ വളർച്ച എത്തിയ കക്കയുടെ നാലിലൊന്ന് വലിപ്പമുള്ളതാണ് മല്ലികക്ക. കക്ക തികച്ചും ചെറുതായിരിക്കെ വാരിയെടുത്താൽ കായലിൽ കക്കയുടെ ലഭ്യത കുറഞ്ഞ് പരമ്പരാഗത കക്കാ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കും.
മത്സ്യത്തൊഴിലാളികളുടെ പരാതിയെത്തുടർന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. ശ്രീകുമാറിന്റെ നിദേശപ്രകാരം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എ.കൃഷ്ണകുമാരി, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മറ്റം മെറിറ്റ് കുര്യൻ, ഉദ്യോഗസ്ഥരായ ആർ. സ്വാതിഷ്, എസ്. കെ.അഖിൽ, പി.എ.ജിഷ്ണു എന്നിവർ അടങ്ങുന്ന സംഘം ആണ് പരിശോധന നടത്തിയത്.






