കോട്ടയം: കോട്ടയം ളാക്കാട്ടൂരിൽ കളനാശിനി കഴിച്ചു ഗുരുതരാവസ്ഥയിലായ അലനെ മെഡിക്കല്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ളാക്കാട്ടൂര്‍ ചിറപ്പുറത്ത് തോമസ് എബ്രഹാമിന്റെയും ജോസ്നയുടെയും മകന് അലനെ (12) ആണ് കോട്ടയം മെഡിക്കല്‍ കോളജിലെ മെഡിസിന് വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്.
സാമ്പത്തിക ബാധ്യതയെ തുടര്‍ന്നു കുടുംബത്തിലെ മാതാവും പിതാവും രണ്ട് മക്കളുമാണു കീടനാശിനി കഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്.
കഴിഞ്ഞ 13നായിരുന്നു സംഭവം. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച നാലുപേരില്‍ ശനിയാഴ്ച അലന്റെ മാതാവ് ജോസ്ന (42 ), സഹോദരി മരിയ തെരേസ തോമസ് (17) എന്നിവര്‍ മരണപ്പെട്ടിരുന്നു.
ഞായറാഴ്ച വൈകിട്ട് പിതാവ് തോമസ് ഏബ്രഹാമും മരിച്ചു. അലന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സംഭവത്തില്‍ വീട്ടില്‍ നിന്നു കണ്ടെത്തിയ രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗൃഹനാഥന്റെ പിതൃസഹോദരന് പോലീസില്‍ പരാതി നല്കി.
ആത്മഹത്യാക്കുറിപ്പ്, മരണമൊഴി, എഫ്ഐആര്‍ എന്നിവയുടെ പകര്‍പ്പ് നല്‍കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആറിന്റെ പകര്‍പ്പ് ബന്ധുക്കള്‍ക്ക് കൈമാറിയെങ്കിലും ആത്മഹത്യാക്കുറിപ്പും മരണമൊഴിയും അന്വേഷണത്തിന്റെ ഭാഗമായതിനാല്‍ ഇപ്പോള്‍ കൈമാറാനാകില്ലെന്ന് പോലീസ് അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ലഭിച്ച എഫ്ഐആറില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കുടുംബം വിഷം കഴിച്ചതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
തുടര്‍ന്ന് പോലീസ് സീല്‍ ചെയ്തിരുന്ന വീട് തുറന്ന് നടത്തിയ പരിശോധനയില്‍ വിവിധ ബാങ്ക് രേഖകള്‍, പാസ്ബുക്കുകള്‍, കളനാശിനിയുടെ കുപ്പി, ആത്മഹത്യാക്കുറിപ്പ് എന്നിവ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. കൂരോപ്പട സര്‍വ്വീസ് സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു മരിച്ച ജോസ്ന സാമ്പത്തിക തിരിമറി തിരിച്ചടയ്ക്കു വാനാകാതെ വന്നതാണ് കൂട്ട ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും 62 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടന്നുമാണ് അറിയുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കേസ് പ്രത്യേക അന്വേഷണം വേണമെന്നു കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.






