കോട്ടയം: കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ റോഡിൽ അടിപ്പാത (സബ് വേ ) നിർമ്മിക്കുവാൻ റയിൽവേ
മന്ത്രാലയം അനുമതി നൽകിയതായി ഫ്രാൻസിസ് ജോർജ് എം.പി.അറിയിച്ചു.
ഇതിന്റെ നിർമ്മാണത്തിനായി 2 കോടി 75 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ റയിൽവേ ഗേറ്റ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് അടിപ്പാത നിർമ്മിക്കുന്നത്.
രണ്ടര മീറ്റർ വീതിയിലും രണ്ടര മീറ്റർ പൊക്കത്തിലുമാണ് നിർമ്മിക്കുക.
ഇതിലേക്ക് മഴവെള്ളം ഒഴുകി എത്താതിരിക്കാനുള്ള സംവിധാനം ഉണ്ടാകും.
ഏതെങ്കിലും വിധത്തിൽ വെള്ളം ഉണ്ടായാൽ പമ്പ് ചെയ്ത് കളയുന്ന തിനുള്ള പമ്പും ഓടയും ഇതിനോട് അനുബന്ധിച്ച് സ്ഥാപിക്കുമെന്ന് ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു.
കുമാരനല്ലൂർ മേൽപ്പാലം നിർമ്മിച്ച സമയം മുതൽ അവിടുത്തെ ജനങ്ങൾ ഉന്നയിച്ച ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.
മേൽപ്പാലത്തിലേക്ക് കയറാനുള്ള നടപ്പാതകൾ തൂക്കായി നിർമ്മിച്ചതിനാൽ സ്ത്രീകളും
കുട്ടികളും പ്രായമായവരുമടക്കം എല്ലാ വിഭാഗമാളുകൾക്കും യാത്ര വലിയ ദുരിതമായിരുന്നു.
നടപ്പാത കയറുന്നതിലെ പ്രയാസം മൂലം റയിൽവേ പാളം മുറിച്ച് കടന്നാണ് ആളുകൾ യാത്ര ചെയ്തിരുന്നത്.
ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമായിട്ടുണ്ടന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. ട്രെയിൻ ഇടിച്ച് നിരവധി ആളുകൾ മരിക്കുകയും ചെയ്തിട്ടുണ്ട്.
വളവ് തിരിഞ്ഞ് പെട്ടന്ന് ട്രെയിൻ വരുന്നത് അറിയാതെ പാളം മുറിച്ച് കിടക്കുന്നവരാണ് അപകടത്തിൽപ്പെടുന്നത്.
സ്കൂൾ വിദ്യാർത്ഥികളും അമ്പലത്തിലേക്കുളള ഭക്തജനങ്ങളും അടക്കം നൂറ്
കണക്കിന് ആളുകൾക്ക് ഭയപ്പെടാതെ സഞ്ചരിക്കാൻ അടിപ്പാത സഹായകരമാകുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കുമാരനല്ലൂർ റയിൽവേ സ്റ്റേഷനിൽ നടത്തിയ
ജനസദസ്സിൽ ഉയർന്ന ഏറ്റവും ശക്തമായ ആവശ്യമായിരുന്നു അടിപ്പാത നിർമ്മിക്കണമെന്നുള്ളത്.
ഇതിന് വേണ്ടി ദീർഘനാളായി പരിശ്രമം നടത്തി വരുകയായിരുന്നതായും അദ്ദേഹം പറഞ്ഞു.
ഒരു കോടി എഴുപത്തിഅഞ്ച് ലക്ഷം രൂപ മുടക്കി പുതുതായി നിർമ്മിക്കുന്ന
പുതിയ പ്ലാറ്റ് ഫോമിന്റെ നിർമ്മാണം പൂർത്തിയാകുന്ന മുറക്ക് ഇരു പ്ലാറ്റ്ഫോമുകളെയും
ബന്ധിപ്പിച്ചുകൊണ്ട് കാൽനട മേൽപ്പാലം നിർമ്മിക്കണമെന്ന് റയിൽവേ മന്ത്രിയോട്
ആവശ്യപ്പെട്ടിട്ടുണ്ടന്നും അനുമതി നൽകാമെന്ന് സമ്മതിച്ചിട്ടുണ്ടന്നും എം.പി. പറഞ്ഞു.





