തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം കൊലക്കേസില്‍ നിർണായക തെളിവുകള്‍ കണ്ടെത്തി. അഭിറാമിനെ കൊല്ലാനുപയോഗിച്ച ബെല്‍റ്റ്, അഭിറാമിന്റെ മൊബൈല്‍ ഫോണ്‍, ഷർട്ട്, വെള്ളിമാല എന്നിവ പൊലീസ് കണ്ടെത്തി.
കൊലനടത്തിയ സ്ഥലത്തിന് സമീപമുള്ള കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ.
പൊലീസ് രണ്ടാമത് നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകള്‍ ലഭിച്ചത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കിണറ്റിലെ വെള്ളം വറ്റിച്ചാണ് പരിശോധന നടത്തിയത്. കഴക്കൂട്ടം അഗ്നിരക്ഷാസേനയും ചെങ്കല്‍ചൂളയില്‍ നിന്നുള്ള സ്കൂബാ സംഘവും സ്ഥലത്തെത്തിയിരുന്നു. മുഖ്യപ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തതിന് പിന്നാലെയാണ് നിർണായക തെളിവുകള്‍ കണ്ടെത്തിയത്
അഭിറാമിന്റെ ഷർട്ടും ഫോണും മാലയും ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. ഉമറും പ്രതികളായ രണ്ട് യുവതികളും ഉള്‍പ്പെടെ മൂന്നുപേരെയാണ് അന്വേഷണസംഘം മൂന്നുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്. ഇവരെ ഇന്ന് വൈകിട്ടോടെ വീണ്ടും കോടതിയില്‍ ഹാജരാക്കും. കേസില്‍ പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതികള്‍ ഉള്‍പ്പെടെയുള്ളവരുടെ പരസ്പര വിരുദ്ധമായ മൊഴികള്‍ അന്വേഷണസംഘത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.
തൊണ്ടിമുതലുകള്‍ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നായിരുന്നു പതിനേഴുകാരനായ ഒന്നാം പ്രതിയുടെ ആദ്യമൊഴി. എന്നാല്‍, ഇവ കുറ്റിക്കാട്ടിലേക്കാണ് എറിഞ്ഞതെന്നായിരുന്നു ഉമർ അന്വേഷണസംഘത്തോട് പറഞ്ഞത്. കഴിഞ്ഞദിവസം കാടുമൂടിയ പ്രദേശങ്ങളില്‍ വിശദമായ പരിശോധന പൊലീസ് നടത്തിയിരുന്നു. പിന്നാലെ സമീപത്തെ തെറ്റിയാർ തോട്ടില്‍ സ്കൂബ ഡൈവിംഗ് സംഘത്തിന്റെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട തെരച്ചില്‍ നടത്തിയെങ്കിലും യാതൊരു തെളിവും കണ്ടെത്താനായില്ല.





