മാന്തുരുത്തി : നെടുംകുന്നം-മാന്തുരുത്തി റോഡ് കുത്തിപ്പൊളിച്ചിട്ട് മാസങ്ങളായി. മഴ കനത്തതോടെ റോഡ് ചെളിക്കുളമായി,കാൽനട യാത്രപോലും അസാധ്യമായി.
നാല് വർഷത്തോളമായി പൂർണമായി തകർന്നുകിടക്കുന്ന റോഡ് ടെൻഡർചെയ്ത് മൂന്നുമാസം മുൻപാണ് നിർമാണം ആരംഭിച്ചത്.
ഒടുവിൽ നിർമാണം ആരംഭിച്ചപ്പോൾ എങ്കിലും ദുരിതയാത്രയ്ക്ക് പരിഹാരമുണ്ടാകുമെന്ന് നാട്ടുകാർ കരുതി. റോഡുപണി വൈകിയതുമൂലം വളരെ ബുദ്ധിമുട്ടിയാണ് യാത്രക്കാർ ഇതിലെ പോകുന്നത്.
റോഡ് പലയിടത്തും കുത്തിപ്പൊളിച്ചു. രണ്ട് കലുങ്കുകളും നിർമിച്ചു.റോഡ് നിർമാണത്തിനുള്ള മെറ്റലും സാമഗ്രികളും പലയിടത്തായി ഇറക്കിയിട്ടു. നടക്കാൻപോലും കഴിയാത്തവിധം തകർന്നു. റോഡ് കുത്തിപ്പൊളിച്ചപ്പോൾ പലയിടത്തും കുടിവെള്ളപൈപ്പുകളും പൊട്ടി.
മൂന്നുമാസമായി പ്രദേശത്ത് കുടിവെള്ളവിതരണവും മുടങ്ങി. മഴപെയ്താൽ റോഡിലാകെ വെള്ളക്കെട്ടാണ്. മഴ മാറിയാൽ പൊടിശല്യവും രൂക്ഷമാണ്.
റോഡ് നിർമാണം വേഗത്തിലാക്കണമെന്ന് പഞ്ചായത്ത് അധികൃതരടക്കം പലവട്ടം ആവശ്യപ്പെട്ടതാണ്. മഴ കാരണമാണ് പണി തുടങ്ങാത്തതെന്നാണ് പി.ഡബ്ല്യു.ഡി. പറയുന്നത്.
തകർന്ന റോഡ് നന്നാക്കാൻ വേണ്ടി നാലുവർഷം മുൻപാണ് തുക അനുവദിച്ചത്. സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച തർക്കവും ജൽജീവന്റെ പൈപ്പ് സ്ഥാപിക്കലും സാങ്കേതിക പ്രശ്നങ്ങളും കാരണം നിർമാണം നീണ്ടു.
ഇതോടെ തുക പലപ്പോഴായി വർധിപ്പിക്കേണ്ടിവന്നു. നാലുകോടി രൂപ അനുവദിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞാണ് വീണ്ടും ടെൻഡർ ചെയ്തത്. 4.64 കോടി രൂപയ്ക്കാണ് ഇപ്പോൾ ടെൻഡർ ചെയ്തത്.






