കോട്ടയം : ചങ്ങനാശ്ശേരി-കോട്ടയം റൂട്ടിൽ സർവീസ് നടത്തിയ ജീസസ് ബസിന്റെ ഡ്രൈവറുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കുറിച്ചി സ്വദേശി അനന്ദു അനില്കുമാർ (31)നെതിരെയാണ് മോട്ടോർ വാഹനവകുപ്പിന്റെനടപടി. ഇയാള് മൊബൈല് ഫോണ് നോക്കിയും അശ്രദ്ധമായി ഒരു കൈകൊണ്ട് ബസ് ഓടിച്ചുമുള്ള ദൃശ്യങ്ങള് പുറത്തുവന്നതിനെ തുടർന്നാണ് നടപടി.
പുതിയ നിയമപ്രകാരം മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ക്ലാസില് പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കി സൈറ്റില് അപ്ലോഡ് ചെയ്താല് മാത്രമേ ലൈസൻസ് പുനസ്ഥാപിക്കാനാകൂ. ഇന്നലെ ഹാജരാകാൻ ആർടിഒ ഡി ജയരാജ് അനന്ദുവിനോട് നിർദേശിച്ചിരുന്നു.
ഡ്രൈവറുടെ വിശദീകരണം കേട്ട ശേഷമാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. യാത്രക്കാർ പകർത്തിയ ദൃശ്യങ്ങള് സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നതോടെയാണ് മോട്ടോർ വാഹനവകുപ്പ് ഇടപെട്ടത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.






